NEWSROOM

മാന്നാർ കൊലക്കേസ്; തെളിവെടുപ്പ് നടത്താതെ പൊലീസ്

വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യൽ തുടരുന്നത് അല്ലാതെ കാര്യമായ പുരോഗതി കേസിൽ ഉണ്ടായിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

മാന്നാർ കല കൊലപാതക കേസിൽ തെളിവെടുപ്പ് നടത്താതെ പൊലീസ്. കസ്റ്റഡി കാലാവധി ഉടൻ അവസാനിക്കാനിരിക്കെ ജിനു, സോമൻ, പ്രമോദ് എന്നീ പ്രതികളിൽ നിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. നേരത്തെ രണ്ടാം പ്രതി ജിനുവുമായി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് കോടതിയെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

കലയുടെ കൊലപാതകത്തിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജിനു, സോമൻ, പ്രമോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്. ആറ് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് അടക്കം നടത്തുമെന്നായിരുന്നു പൊലീസ് കോടതിയിൽ പറഞ്ഞത്. ഇതിനായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടക്കം 21പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യൽ തുടരുന്നത് അല്ലാതെ കാര്യമായ പുരോഗതി കേസിൽ ഉണ്ടായിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.

ഒന്നാംപ്രതി അനിൽകുമാറിനെ വേഗത്തിൽ നാട്ടിൽ എത്തിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസ് മറ്റ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ അനിൽകുമാർ സ്വമേധയാ നാട്ടിൽ വരാൻ തയ്യാറാവാത്തതോടെ നാല് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാമെന്ന പൊലീസിൻ്റെ പദ്ധതി പൊളിഞ്ഞു. 10ആം തീയതി കസ്റ്റഡി കാലാവധി കഴിയുന്നതിന് മുൻപ് അനിലിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അനിൽകുമാറിൻ്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണത്തിൽ ഇന്നും കൂടുതൽ ആളുകളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ മൃതദേഹാവശിഷ്ടങ്ങൾ ആയേക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

SCROLL FOR NEXT