image 
NEWSROOM

മാന്നാർ കൊലപാതകം; കൊലപാതകം നടന്നത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു പൊലീസ് നിഗമനം

തട്ടാരമ്പലത്തിനും മാന്നാറിനും ഇടക്കുള്ള വലിയ പെരുംബുഴ പാലത്തിൽ വെച്ചാണ് കല കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം

Author : ന്യൂസ് ഡെസ്ക്

മാന്നാറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകം നടന്നത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു പൊലീസ് നിഗമനം. വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തി 5 ദിവസത്തിനുള്ളിൽ കല കൊല്ലപ്പെട്ടു എന്നാണ് സാക്ഷി മൊഴി. കലയുമായി ബന്ധമുണ്ടായിരുന്ന ആലപ്പുഴ കുട്ടംപേരൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം കല കൊല്ലപ്പെട്ടത് മാന്നാർ വലിയ പെരുംബുഴ പാലത്തിൽ വെച്ചാണെന്നും കൃത്യത്തിൽ അനിൽകുമാർ ഉൾപ്പടെ 4 പ്രതികൾക്കും പങ്കുണ്ടെന്നുമാണ് എഫ്ഐആർലും റിമാൻഡ് റിപ്പോർട്ടിലും പറയുന്നത്.

2009 ഡിസംബർ ആദ്യ ആഴ്ച്ച രാത്രി തട്ടാരമ്പലത്തിനും മാന്നാറിനും ഇടക്കുള്ള വലിയ പെരുംബുഴ പാലത്തിൽ വെച്ചാണ് കല കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം. ഭർതൃവീട്ടിൽ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു . ഒന്നരമാസത്തിനു ശേഷം ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ കലയെ എറണാകുളത്ത് പോയി കണ്ട് കൂട്ടി കൊണ്ട്‌ വരികയായിരുന്നു. യാത്രാമധ്യേയായിരുന്നു കൊലപാതകം . കലക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പ്രകോപനത്തിന് കാരണം. അനിൽകുമാർ വിദേശത്തു ആയിരുന്ന സമയത്തു കലയുമായുള്ള ബന്ധത്തെ തുടർന്ന് ഇയാളെ കേസിലെ നാലാം പ്രതിയും അനിൽകുമാറിന്റെ സഹോദരനുമായ പ്രമോദ് മർദിച്ചിരുന്നു. കലയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽകുമാറിനെ പ്രമോദ് അറിയിക്കുകയും ചെയ്തിരുന്നു. കുട്ടംപേരൂർ സ്വദേശിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു . കേസിലെ മറ്റ്‌ പ്രതികളായ ജിനു ,സോമൻ , പ്രമോദ് എന്നിവർ കലയുടെ മൃതദേഹം കാണുന്നത് മാന്നാർ ആയിക്കര ജംഗ്‌ഷനിൽ വെച്ചാണ്. കലയെ കൊലപ്പെടുത്തിയതായി അനിൽകുമാർ തന്നോട് പറഞ്ഞന്നും മൃതദേഹം കണ്ടെന്നും മുഖ്യ സാക്ഷിയും പരാതിക്കാരനുമായ സുരേഷ് പൊലീസിന് മൊഴി നൽകി .

മൃതദേഹം മറവ്‌ ചെയ്യാനുൾപ്പടെ അനിൽകുമാറിനെ സഹായിച്ചെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് മാരുതി കാറിൽ ആണെന്നും എഫ്ഐആറില്‍ പറയുന്നു . കൊലപ്പെടുത്തിയ സഥലം കാണിച്ചു നൽകാമെന്ന് അന്വേഷണ സംഘത്തെ രണ്ടാം പ്രതി ജിനു അറിയിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട് . കഴുത്തു ഞെരിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൃത്യത്തിനായി ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് പ്രതികളെ ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി 6 ദിവസത്തേക്കാണ് അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടത് .

SCROLL FOR NEXT