മാന്നാർ കൊലപാതക കേസിൽ ചോദ്യം ചെയ്യൽ ശൈലി മാറ്റി കേരള പൊലീസ്. അന്വേഷണ സംഘത്തെ മൂന്ന് ടീമുകളായി തിരിച്ച് മൂന്ന് പ്രതികളെയും മൂന്ന് സ്റ്റേഷനുകളിലായാണ് ചോദ്യം ചെയ്യുന്നത്. പ്രതികളുടെ കസ്റ്റഡി കാലയളവിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
രണ്ട് ദിവസമായി കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭ്യമായതായാണ് സൂചന. ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികളും കലയുടെ മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. രണ്ടാം പ്രതി ജിനു, നാലാം പ്രതി പ്രമോദ് എന്നിവർ ചേർന്നാണ്, ഒന്നാം പ്രതിയായ അനിൽ കുമാറിനെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിക്കാൻ സഹായിച്ചതെന്നാണ് മൂന്നാം പ്രതി സോമൻ നൽകിയ മൊഴി. എന്നാൽ സോമൻ ഒപ്പം ഉണ്ടായിരുന്നതായാണ് ജിനുവും പ്രമോദും പറയുന്നത്.
ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാല് പ്രതികളുടെയും വീടുകളിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തുന്നുണ്ട്. തെളിവ് ശേഖരണത്തിൽ ഉൾപ്പെടെ വലിയ വെല്ലുവിളികൾ നിറഞ്ഞ കേസിൽ, പ്രതികളുടെ കസ്റ്റഡി കാലയളവിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിൻ്റെ ശൈലിയിൽ മാറ്റംവരുത്തി അന്വേഷണ സംഘത്തെ മൂന്ന് ടീമുകളായി തിരിച്ച്, മൂന്ന് പ്രതികളെയും മൂന്ന് സ്റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണ് പൊലീസ്.
കാലപ്പഴക്കമേറിയ കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടെ നിർണായകമാണ്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയച്ച സാമ്പിളുകളുടെ ഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള ഇടപെടലുകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. മുഖ്യ പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിച്ചാൽ മാത്രമേ അന്വേഷണം പൂർണ പുരോഗതിയിലേക്ക് എത്തുകയുള്ളൂ. വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കേസായതുകൊണ്ട് തന്നെ, പ്രതികളിൽ നിന്ന് പഴുതുകളില്ലാതെ വിവര ശേഖരണം നടത്തിയ ശേഷം മാത്രമെ തെളിവെടുപ്പില്ലേക്ക് പൊലീസ് കടക്കു. അനിൽ കുമാറിന്റെ ബന്ധുക്കളെയും നാട്ടുകാരെയും അടക്കം കൂടുതൽ പേരെ വരും ദിവസങ്ങളിലും പൊലീസ് ചോദ്യം ചെയ്യും.