NEWSROOM

വീണ്ടും മെഡൽ പ്രതീക്ഷയേകി മനു ഭാക്കർ; നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട് അർജുൻ ബബുത

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സിൽ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാക്കര്‍ രണ്ടാം മെഡൽ നേട്ടത്തിനരികെ. ഞായറാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി ചരിത്രമെഴുതിയ മനു, തിങ്കളാഴ്ച മിക്സഡ് ഇനത്തിലും വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. സരബ്‌ജോത് സിംഗുമായി ചേര്‍ന്നാണ് മനു മത്സരത്തിനിറങ്ങിയത്. 580 പോയിന്റാണ് ഇരുവരും സ്വന്തമാക്കിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇരുവര്‍ക്കും സ്വര്‍ണ മെഡൽ പോരാട്ടത്തിനുള്ള അവസരം നഷ്ടമായത്.

ഒന്നാം സ്ഥാനത്തുള്ള തുര്‍ക്കി സംഘത്തിന് 582 പോയിന്റാണുള്ളത്. 581 പോയിന്റുള്ള സെര്‍ബിയന്‍ ടീം രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇതേ വിഭാഗത്തിൽ കളിച്ച ഇന്ത്യൻ ജോഡികളായ റിതം സാംഗ്‌വാന്‍-അര്‍ജുന്‍ സിംഗ് ചീമ എന്നിവര്‍ക്ക് പത്താം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.

അതേസമയം, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ രമിത ജിന്‍ഡാലിന് ഏഴാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. 145.3 പോയിന്റാണ് താരത്തിന് ലഭിച്ചത്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ അർജുൻ ബബുതയും നിരാശപ്പെടുത്തി. അവസാന നിമിഷം വരെ പോരാടിയ അർജുന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 208.4 പോയിന്റാണ് അർജുന് ലഭിച്ചത്. യോഗ്യതാ റൗണ്ടില്‍ 630.1 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു അർജുൻ.

അതേസമയം, വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ സഖ്യം തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. ഇന്ന് ജപ്പാന്‍ സഖ്യത്തോടാണ് ഇന്ത്യ തോറ്റത്. ഇതോടെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാമെന്ന് പ്രതീക്ഷകൾ അവസാനിച്ചു. ഗ്രൂപ്പില്‍ മൂന്നാമതാണ് ഇന്ത്യന്‍ സഖ്യം.

ഹോക്കിയില്‍ ഇന്ത്യ ഇന്ന് കരുത്തരായ അര്‍ജൻ്റീനയെ നേരിടുകയാണ്. നിലവിൽ അർജൻ്റീന ഒരു ഗോളിന് മുന്നിട്ടുനിൽക്കുകയാണ്. മുന്നേറാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

SCROLL FOR NEXT