manu bhaker and jaspal rana 
NEWSROOM

ദേശീയ ഫെഡറേഷൻ്റെ ഒളിംപിക്സ് സെലക്ഷൻ നയത്തെ വിമർശിച്ച് മനു ഭാക്കറിൻ്റെ മുഖ്യ പരിശീലകൻ

എക്കാലവും മാറിക്കൊണ്ടിരിക്കുന്ന ഒളിംപിക്സ് സെലക്ഷൻ നയം മുൻകാലങ്ങളിൽ ഏറ്റവും വാഗ്ദാനമേകിയ ചില പ്രതിഭകളെ വേദനിപ്പിച്ചിട്ടുണ്ടെന്നും, മുന്നോട്ട് പോകുമ്പോൾ സ്ഥിരത ഉണ്ടായിട്ടില്ലെങ്കിൽ കൂടുതൽ യുവാക്കളുടെ ഭാവി നശിപ്പിക്കുമെന്നും ജസ്പാൽ റാണ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ദേശീയ ഫെഡറേഷൻ്റെ ഒളിംപിക്സ് സെലക്ഷൻ നയത്തെ നിശിതമായി വിമർശിച്ച് പാരിസ് ഒളിംപിക്സിലെ ഇരട്ട വെങ്കല മെഡൽ ജേതാവായ ഷൂട്ടർ മനു ഭാക്കറിൻ്റെ മുഖ്യ പരിശീലകൻ ജസ്പാൽ റാണ. എക്കാലവും മാറിക്കൊണ്ടിരിക്കുന്ന ഒളിംപിക്സ് സെലക്ഷൻ നയം മുൻകാലങ്ങളിൽ ഏറ്റവും വാഗ്ദാനമേകിയ ചില പ്രതിഭകളെ വേദനിപ്പിച്ചിട്ടുണ്ടെന്നും, മുന്നോട്ട് പോകുമ്പോൾ സ്ഥിരത ഉണ്ടായിട്ടില്ലെങ്കിൽ കൂടുതൽ യുവാക്കളുടെ ഭാവി നശിപ്പിക്കുമെന്നും ജസ്പാൽ റാണ പറഞ്ഞു.

2006 എഡിഷനിൽ മൂന്ന് ഏഷ്യാഡ് സ്വർണ മെഡലുകൾ നേടിയ ഷൂട്ടിംഗ് ഇതിഹാസമാണ് റാണ. ഫെഡറേഷൻ്റെ നയത്തിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്താനുള്ള ദേശീയ ഫെഡറേഷൻ്റെ പ്രവണതയെയും, ദേശീയ ക്യാമ്പുകളിലും ട്രയലുകളിലും ഷൂട്ടർമാരുടെ സ്വകാര്യ പരിശീലകരെ പങ്കെടുപ്പിക്കാത്ത തീരുമാനത്തോടും പ്രതികരിക്കുകയായിരുന്നു. മനു ഭാക്കറിനൊപ്പം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച എഡിറ്റർമാരുടെ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ദേശീയ ഫെഡറേഷൻ്റെ സെലക്ഷൻ പോളിസി ഓരോ ആറ് മാസം കൂടുമ്പോഴും മാറും. ഞാൻ കായികമന്ത്രിയെ കണ്ടപ്പോൾ, സെലക്ഷൻ പോളിസി ഫെഡറേഷനിൽ നിന്ന് എടുക്കാൻ അഭ്യർത്ഥിച്ചിരുന്നു. തെറ്റോ... ശരിയോ.. അത് അവർ തീരുമാനിക്കട്ടെ. അവർ എന്ത് തീരുമാനിച്ചാലും ഞങ്ങൾ അത് ചർച്ച ചെയ്യുന്നില്ല. കൂടാതെ അതിൽ ഉറച്ചുനിൽക്കുകയും വേണം. ഷൂട്ടർമാരുടെ പ്രകടനത്തിൽ നിങ്ങൾക്ക് ഈ വ്യത്യാസം കാണാം," ജസ്പാൽ റാണ പറഞ്ഞു.

ടോക്കിയോ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ എത്തിയ സൗരഭ് ചൗധരി, ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ പിസ്റ്റൾ ഷൂട്ടർ ജിത്തു റായി എന്നിവരുടെ പ്രകടനം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ താഴേക്ക് പോയെന്നും, ഈ സിസ്റ്റം തങ്ങളെയും മറ്റു പലരെയും പരാജയപ്പെടുത്തിയിട്ടുണ്ടെന്നും റാണ വിമർശിച്ചു.

"എവിടെ പിസ്റ്റൾ ഷൂട്ടർ സൗരഭ് ചൗധരി, എവിടെ (ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് പിസ്റ്റൾ ഷൂട്ടർ) ജിതു റായ്? ആരെങ്കിലും അവരെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഇല്ല. നമ്മൾ സംസാരിക്കുന്നത് പാരിസിൽ നാലാമതായി ഫിനിഷ് ചെയ്ത (10 മീറ്റർ എയർ റൈഫിൾ ഷൂട്ടർ) അർജുൻ ബബുതയെക്കുറിച്ചാണോ? അദ്ദേഹത്തിന് മെഡൽ നേരിയ പോയിൻ്റിനാണ് നഷ്ടമായത്," 48 കാരനായ കോച്ച് ചോദിച്ചു.


"നിലവിൽ ഒളിംപിക്, ലോക മെഡൽ ജേതാക്കളെ സംരക്ഷിക്കാൻ ഒരു സംവിധാനവുമില്ല. പാരിസിൽ രണ്ട് മെഡലുകൾ നേടിയിട്ടും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയാൽ ദേശീയ ടീമിൽ ഇടം പിടിക്കാൻ മനു ഭാക്കറിന് പോരാടേണ്ടി വരും. എല്ലാ ഒളിംപിക്‌സ് മെഡൽ ജേതാക്കളെയും, ഒന്നോ രണ്ടോ ഒളിമ്പിക്‌സിന് ശേഷം ഞങ്ങൾ അവരെ കാണുന്നില്ല, കാരണം അവരെ സംരക്ഷിക്കാൻ ഒരു സംവിധാനവുമില്ല.

"നാഷണലിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. അതിനാൽ മനു ഭാക്കർ ദേശീയ ടീമിൽ കളിക്കുന്നില്ലെങ്കിൽ അവൾക്ക് അവസരമില്ല. അടുത്ത വർഷം അവൾക്ക് മറ്റ് ഷൂട്ടർമാർക്കൊപ്പം പരിഗണന ലഭിക്കില്ല. ഒളിംപിക്‌സിൽ പങ്കെടുത്ത് സ്വയം കഴിവ് തെളിയിച്ചവർക്ക് എല്ലാ ട്രയലുകളിലും മത്സരിക്കാൻ അർഹത ഉണ്ടായിരിക്കട്ടെ," കോച്ച് ആവശ്യപ്പെട്ടു

പാരിസ് ഒളിംപിക്‌സ് സെലക്ഷൻ ട്രയൽസ് സമയത്ത് ദേശീയ ഫെഡറേഷൻ്റെ ഹൈ പെർഫോമൻസ് ഡയറക്ടർ പിയറി ബ്യൂചംപ് മനു ഭാക്കറിൻ്റെ കോച്ചായ തന്നോട് ഷൂട്ടിംഗ് പരിശീലന വേദിയിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെട്ടിരുന്നതായും ജസ്പാൽ റാണ കൂട്ടിച്ചേർത്തു.

READ MORE: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രത്തിലിടം നേടി മനു ഭാക്കർ

SCROLL FOR NEXT