NEWSROOM

"മനു തോമസ് പുറത്തുപോയത് മെമ്പർഷിപ്പ് പുതുക്കാത്തതിനാൽ"- ആരോപണങ്ങൾക്ക് മറുപടിയുമായി എം.വി. ജയരാജൻ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവജന കമ്മീഷൻ അധ്യക്ഷനെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനാൽ മനസ്സ് മടുത്താണ് പാർട്ടി വിട്ടതെന്നായിരുന്നു മനു തോമസിൻ്റെ പക്ഷം

Author : ന്യൂസ് ഡെസ്ക്

പാർട്ടി വിട്ട മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് മനു തോമസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മെമ്പർഷിപ്പ് പുതുക്കാത്തതിനാൽ സ്വാഭാവിക നടപടിയായാണ് മനു തോമസ് ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്തായതെന്നും എം വി ജയരാജൻ വ്യക്തമാക്കി. ചില നേതാക്കളുടെ സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം ഉന്നയിച്ച് താൻ നൽകിയ പരാതിയിൽ പാർട്ടി നടപടിയെടുത്തില്ലെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള പരാതികളിൽ കഴമ്പില്ലായിരുന്നെന്നും എം.വി. ജയരാജൻ പറഞ്ഞു.

ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റും മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മനു തോമസ് അതീവ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പാർട്ടിക്കെതിരെ ഉന്നയിച്ചത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജിറിന് എതിരെ പരാതി നൽകിയിട്ടും പാർട്ടി നടപടി എടുത്തില്ലെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇതിൽ മനസ്സ് മടുത്താണ് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും തിരുത്താൻ പാർട്ടിക്ക് പരിമിതികൾ ഉണ്ടെന്നും മനുതോമസ് പറഞ്ഞു.

ഇതിനു പിന്നാലെയാണ് മനു തോമസിന് മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രംഗത്തെത്തിയത്. മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ല. പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിനെ തുടർന്ന് പാർട്ടി ഭരണഘടന പ്രകാരം സ്വഭാവികമായാണ് മനു തോമസ് പുറത്തുപോയത്. പാർട്ടി ബോധപൂർവ്വം ആരെയും തഴഞ്ഞിട്ടില്ല. മനു തോമസിന് മനസ്സ് മടുക്കേണ്ടതില്ലെന്നും ജയരാജൻ പറഞ്ഞു.

മനു തോമസ് നൽകിയ പരാതിയിൽ അന്വേഷണ കമ്മീഷൻ ഫലപ്രദമായി ഇടപെട്ടില്ല എന്നത് തെറ്റായ ആരോപണമെന്നും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഇല്ലാതിരുന്നതെന്നും എം.വി. ജയരാജൻ പറഞ്ഞു. സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ സംഘത്തെ പാർട്ടി നേരത്തെ തന്നെ തള്ളിപറഞ്ഞതാണെന്നും ജയരാജൻ വ്യക്തമാക്കി.

SCROLL FOR NEXT