മാര്‍ക്ക് കാര്‍ണി 
NEWSROOM

കാനഡയില്‍ മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി അധികാരമേറ്റു; മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരും

ഒക്ടോബറില്‍ പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങള്‍ മാത്രമായിരിക്കും കാർണി അധികാരത്തിലുണ്ടാവുക

Author : ന്യൂസ് ഡെസ്ക്



കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി അധികാരമേറ്റു. കാനഡയുടെ 24മത് പ്രധാനമന്ത്രിയാണ് കാര്‍ണി. ട്രൂഡോയുടെ ദശകത്തോളം നീണ്ട ഭരണത്തിന്റെ അവസാന ദിനത്തിലായിരുന്നു കാര്‍ണിയുടെ സത്യപ്രതിജ്ഞ. ഗവർണർ ജനറൽ മേരി സൈമണിന്റെ അധ്യക്ഷതയിലാണ് കാര്‍ണിയും കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഒക്ടോബറില്‍ പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങള്‍ മാത്രമായിരിക്കും കാർണി അധികാരത്തിലുണ്ടാവുക.

രാഷ്ട്രീയ പശ്ചാത്തലമില്ലാതെയാണ് 59-കാരനായ കാര്‍ണി രാജ്യത്തെ നയിക്കാനെത്തുന്നത്. പാർലമെന്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി എന്ന വിശേഷം കൂടി കാര്‍ണിക്ക് സ്വന്തമാകും. ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായി ചുമതലവഹിച്ചിട്ടുണ്ട് കാര്‍ണി. 2008-ൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. ധനമന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ പിന്തള്ളി 86 ശതമാനം വോട്ടുകള്‍ നേടിയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രി പദത്തിലേക്കും എത്തിയത്.

ട്രൂഡോ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായാണ് കാര്‍ണി അധികാരമേറുന്നത്. ദേശീയ പ്രതിരോധ മന്ത്രിയായി ബില്‍ ബ്ലെയര്‍ തുടരും. വ്യവസായ മന്ത്രിയായിരുന്ന ഫ്രാങ്കോയിസ്‍ ഫിലിപ്പ് ഷാംപെയ്നാണ് പുതിയ ധനമന്ത്രി. അതേസമയം പഴയ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന് ട്രാന്‍സ്പോര്‍ട്ട്, ഇന്റേണല്‍ ട്രേഡിന്റെ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ട്രൂഡോയുടെ ദീര്‍ഘകാല സുഹൃത്തും, നിലവിലെ ധനമന്ത്രിയുമായ ഡൊമിനിക് ലെബ്ലാങ്കിന് ഇന്റര്‍നാഷണല്‍ ട്രേഡ്, ഇന്റര്‍ ഗവണ്‍മെന്റല്‍ അഫയേഴ്സ് വകുപ്പാണ് നല്‍കിയത്. പാറ്റി ഹജ്‌ഡു ഇന്‍ഡിജനസ്‍ സര്‍വീസസ് മന്ത്രിയായും, ജൊനാഥന്‍ വില്‍കിന്‍സണ്‍ ഊര്‍ജ, പ്രകൃതി വിഭവ വകുപ്പ് മന്ത്രിയായും, ജിനെറ്റ് പെറ്റിറ്റ്പാസ് ടെയ്‌ലര്‍ ട്രഷറി ബോര്‍ഡ് പ്രസിഡന്റായും തുടരും. സ്റ്റീവന്‍ ഗില്‍ബോള്‍ട്ടാണ് ഹെറിറ്റേജ് മന്ത്രി.

കാര്‍ണി മന്ത്രിസഭയിലും ഇന്ത്യന്‍ വംശജരും ഇടംപിടിച്ചു. ഇന്ത്യന്‍ വംശജയായ അനിത ആനന്ദാണ് ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രി. 2019ല്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗമായിരുന്ന അനിത പബ്ലിക് സര്‍വീസ് ആന്‍ഡ് പ്രൊക്വയര്‍മെന്റ് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. 2021ല്‍ പ്രതിരോധമന്ത്രിയായി. 2024ല്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു. ഇന്ത്യന്‍ വംശജയും നേഴ്സുമായ കമാല്‍ ഖേരയാണ് ആരോഗ്യ മന്ത്രി. കഴിഞ്ഞ മന്ത്രിസഭയില്‍ ഡൈവേഴ്സിറ്റി, ഇന്‍ക്ലൂഷന്‍, ഭിന്നശേഷിക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയായിരുന്നു കമാലിന്.


SCROLL FOR NEXT