NEWSROOM

കാനഡയില്‍ ട്രൂഡോ യുഗം അവസാനിക്കുന്നു; പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി നാളെ അധികാരമേറും

പാർലമെന്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി എന്ന വിശേഷം കൂടി കാര്‍ണിക്ക് സ്വന്തമാകും

Author : ന്യൂസ് ഡെസ്ക്



കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി നാളെ അധികാരമേറും. ട്രൂഡോയുടെ ദശകത്തോളം നീണ്ട ഭരണത്തിന്റെ അവസാന ദിനത്തിലാണ് കാര്‍ണി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. രാവിലെ പതിനൊന്നിന് ഗവർണർ ജനറൽ മേരി സൈമണിന്റെ അധ്യക്ഷതയിലാകും കാര്‍ണിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുക. രാഷ്ട്രീയ പാരമ്പര്യമില്ലെങ്കിലും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ് കാര്‍ണി.

അഭിപ്രായവോട്ടുകളില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞ ട്രൂഡോ പ്രധാനമന്ത്രി പദം ഒഴിയാന്‍ താല്പര്യം അറിയിച്ചത്. പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യത നേടുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏവരും പ്രതീക്ഷിച്ച മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ പിന്തള്ളി 86 ശതമാനം വോട്ടുകള്‍ നേടിയാണ് 59-കാരനായ കാര്‍ണി പാര്‍ട്ടി നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രി പദത്തിലേക്കും എത്തിയത്. ഒക്ടോബറില്‍ പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങള്‍ മാത്രമായിരിക്കും കാർണി അധികാരത്തിലുണ്ടാവുക.

രാഷ്ട്രീയ പശ്ചാത്തലമില്ലാതെയാണ് കാര്‍ണി രാജ്യത്തെ നയിക്കാനെത്തുന്നത്. പാർലമെന്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി എന്ന വിശേഷം കൂടി കാര്‍ണിക്ക് സ്വന്തമാകും. ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായി ചുമതലവഹിച്ചിട്ടുണ്ട് കാര്‍ണി. 2008-ൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനും, കാനഡയെ 51-ാം സംസ്ഥാനമാക്കുമെന്ന ഭീഷണിക്കുമിടെയാണ് കാര്‍ണി അധികാരത്തിലേറുന്നത്. ട്രംപിന്റെ താരിഫ് യുദ്ധത്തിനെതിരെ ശക്തമായ നിലപാട് കാര്‍ണി സ്വീകരിച്ചിരുന്നു. മാത്രമല്ല, അമേരിക്കയല്ല കാനഡയെന്നും, കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നുമായിരുന്നു പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള പ്രസംഗത്തില്‍ കാര്‍ണി പറഞ്ഞത്.

വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും, പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും ജനപ്രീതി നഷ്ടമാകുകയും ചെയ്തതിനു പിന്നാലെയാണ് ട്രൂഡോ അധികാരം വിട്ടൊഴിയാന്‍ നിര്‍ബന്ധിതനായത്. 2023ന്റെ ആദ്യ പകുതിയില്‍ ലിബറല്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകള്‍ക്ക് മുന്നില്‍ പതറുന്നതായി അഭിപ്രായ സര്‍വേകള്‍ വന്നിരുന്നു. ഇതോടെ, 2025 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക ലിബറല്‍ പാര്‍ട്ടിയെ ഒന്നടങ്കം ബാധിച്ചു. അതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍. ഏറ്റവും സുരക്ഷിതമായ സീറ്റുകളില്‍പ്പോലും ലിബറല്‍ പാര്‍ട്ടി തോറ്റു. ഇതോടെ, ഭരണകക്ഷി അംഗങ്ങള്‍ പോലും ട്രൂഡോയ്ക്കെതിരെ രംഗത്തെത്തി. ട്രൂഡോ തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന സാഹചര്യത്തിലാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വസ്ഥാനം ഒഴിഞ്ഞത്.

SCROLL FOR NEXT