NEWSROOM

ഓണത്തിരക്കിൽ മലയാളികൾ; കളറാക്കാൻ വമ്പൻ ഓഫറുകളുമായി വ്യാപാരികൾ

ബംബർ സമ്മാനങ്ങളും നറുക്കെടുപ്പുമായി വസ്ത്ര, ഗൃഹോപകരണ, വാഹന വിപണികളിൽ ഓഫറുകളുടെ പെരുമഴയാണ് ഇത്തവണയും വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

പൊന്നോണം പടിവാതിൽക്കൽ എത്തിയതോടെ ഓണം കളറാക്കാനുള്ള അവസാന വട്ട ഓട്ടത്തിലാണ് മലയാളികൾ. ബംബർ സമ്മാനങ്ങളും നറുക്കെടുപ്പുമായി വസ്ത്ര, ഗൃഹോപകരണ, വാഹന വിപണികളിൽ ഓഫറുകളുടെ പെരുമഴയാണ് ഇത്തവണയും വ്യാപര സ്ഥാപനങ്ങൾ ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുള്ളത്.

വസ്ത്ര വിപണിയിൽ പുതിയ മോഡലുകളും വിലയുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 10 മുതൽ 80 ശതമാനം ഡിസ്കൗണ്ടുകളും പല വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. 2500 രൂപയ്ക്കും 5000ന് മുകളിലും വസ്ത്രങ്ങൾ വാങ്ങിയാൽ ഉറപ്പായ സമ്മാനവും നൽകുന്നുണ്ട്.

വസ്ത്ര വിപണിക്കൊപ്പം, മെബൈൽ ഫോൺ വിപണിയിലും, ഗൃഹോപകരണ വിൽപ്പനയിലും മലയാളിയുടെ ഓണം പൊടിപൊടിക്കുമെന്നുറപ്പാണ്. സ്മാർട്ട് ഫോണുകളോടൊപ്പം വീട്ടിലെ ഉപകരണങ്ങളും സ്മാർട്ടാക്കുകയാണ് എല്ലാവരും.

ഗൃഹോപകരണ മേഖലയിലും ഓണം വിപണി തകർക്കുകയാണ്. എല്ലാ ഫീച്ചേഴ്സുമുള്ള വലിയ എൽഇഡി ടിവി മുതൽ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി, മൈക്രോവേവ് ഓവൻ, ക്രോക്കറി സാധനങ്ങൾ, ക്യാമറ, ലാപ്ടോപ്പ്, ഓഡിയോ സിസ്റ്റം തുടങ്ങി എല്ലാത്തിലും പുതു പുത്തൻ മോഡലുകളോടൊപ്പം വമ്പിച്ച ഓഫറും ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

എക്സ്ചേഞ്ച് മേളകളിൽ പഴയതെല്ലാം പുതുക്കി വാങ്ങാനുള്ള സൗകര്യത്തോടൊപ്പം പലിശയില്ലാത്ത വായ്പാ പദ്ധതികളും ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകും. ഉത്രാട പാച്ചിലായതോടെ ഓഫറുകൾക്കൊപ്പം ഓണം കളറാക്കാനുള്ള അവസാന വട്ട ഓട്ടത്തിലാണ് മലയാളികൾ.

SCROLL FOR NEXT