NEWSROOM

അപകീർത്തികരമായി വാർത്ത നൽകി; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

മാഹി സ്വദേശിനി ഗാന വിജയൻ നൽകിയ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. മാഹി സ്വദേശിനി ഗാന വിജയൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 79, ഐടി ആക്ട് 67 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അപകീർത്തികരമായി വാർത്ത നൽകി എന്നായിരുന്നു പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സൈബർ പൊലീസ് ഷാജൻ സ്കറിയയ്‌ക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

മാഹി സ്വദേശി ഗാന വിജയനെതിരെ അധിക്ഷേപിക്കുന്ന തരത്തിൽ ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനങ്ങൾ നൽകി പണം തട്ടിയെടുക്കുന്ന തരത്തിൽ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു എന്നാണ് ഷാജൻ സ്കറിയക്കെതിരെ പരാതി. ഡിസംബർ 23 നാണ് ചാനൽ വഴി ഷാജൻ സ്ക്കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. 

ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവിൽ തിരുവനന്തപുരത്തെ സൈബർ പൊലീസ് ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഷാജൻ സ്കറിയയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. 

SCROLL FOR NEXT