78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. 'വികസിത് ഭാരത്' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പ്രമേയം. ഓഗസ്റ്റ് 15 ന് രാവിലെ 7:30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതോടെ രാജ്യത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമാകും.
പതാക ഉയർത്തിയ ശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ 11-ാം സ്വാതന്ത്ര്യദിന പ്രസംഗമായിരിക്കും ഇക്കുറി ചെങ്കോട്ടയിലേത്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ' വികസിത് ഭാരത് ' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പ്രമേയം. ചെങ്കോട്ടയിൽ ആഘോഷങ്ങൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സേനകളുടെ മാർച്ച് പാസ്റ്റും, സംസ്ഥാനത്തെ പ്ലോട്ടുകളുടെ പ്രദർശനവും ഇത്തവണയും ആവേശം നിറക്കും. 78 -ാമത് സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാജ്യത്തെ ചരിത്രസ്മാരകങ്ങൾ അടക്കം ദീപാലങ്കൃതമായി.
വികസിത ഭാരതത്തിൻ്റ പ്രധാനപ്പെട്ട നാല് തൂണുകളായി പ്രധാനമന്ത്രി കണക്കാക്കുന്ന കർഷകർ, യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ എന്നീവിഭാഗങ്ങളിൽ നിന്നുള്ള നാലായിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും. ആഘോഷങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള 18,000 ഓളം ഇ-ക്ഷണ കത്തുകളാണ് ഇതിനോടകം നൽകിയിട്ടുള്ളത്. പൊതു മേഖല സ്ഥാപനങ്ങളുടെ ഹർ ഘർ തിരംഗ എന്ന പേരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും നടന്നു വരികയാണ്.