കൊച്ചിയിൽ വൻ സിഗരറ്റ് കള്ളക്കടത്ത് പിടികൂടി. നെടുമ്പാശ്ശേരിയിലെ ഒരു വീട്ടിൽ നിന്നാണ് ആയിരക്കണക്കിന് പാക്കറ്റുകളിലാക്കിയ വ്യാജ വിദേശ സിഗരറ്റുകൾ പിടികൂടിയത്. കേസിൽ മജീഷ് എന്നയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ത്യൻ നിർമിത സിഗരറ്റുകളുടേയും വിദേശ സിഗരറ്റുകളുടേയും വ്യാജപതിപ്പുകളാണ് പിടിച്ചെടുത്തത്. ഇവ കംബോഡിയയിൽ നിർമിച്ച് കടത്തിയ സിഗരറ്റുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശേരിയിൽ ആളൊഴിഞ്ഞ വീട്ടിലായിരുന്നു സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്.
കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിഗരറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. കംബോഡിയയിൽ നിന്ന് പല ഘട്ടങ്ങളായി നെടുമ്പാശേരിൽ എത്തിച്ച സിഗരറ്റുകളാണിത്. കൂടാതെ നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വൻ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. കേസിൽ നെടുമ്പാശ്ശേരി സ്വദേശി മജീഷാണ് കസ്റ്റംസിൻ്റെ പിടിയിലായത്. കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം തുടരുകയാണ്. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ കെ. പത്മാവതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.