NEWSROOM

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടിയുടെ കൊക്കെയ്ന്‍

പ്രതി ലണ്ടനിലേക്ക് കടന്നെങ്കിലും മയക്കുമരുന്ന് പിടിച്ചെടുക്കാന്‍ പൊലീസിനു സാധിച്ചു

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ 2000 കോടിയുടെ കൊക്കെയ്ന്‍ വേട്ട. 200 കിലോ കൊക്കെയ്‌നാണ് രാജ്യ തലസ്ഥാനത്തെ രമേശ് നഗറില്‍ നിന്നും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇന്ന് പിടിച്ചെടുത്തത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മയക്കുമരുന്ന് വ്യാപാരിയുടെ ജിപിഎസ് പിന്തുടർന്നാണ് പൊലീസ് കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് എത്തിയത്.

പ്രതി ലണ്ടനിലേക്ക് കടന്നെങ്കിലും മയക്കുമരുന്ന് പിടിച്ചെടുക്കാന്‍ പൊലീസിനു സാധിച്ചു. ഇതിനു മുന്‍പ് ഡല്‍ഹി പൊലീസ് പിടിച്ചെടുത്ത 5,600 കോടി വില വരുന്ന മയക്കുമരുന്നിന്‍റെ പിന്നിലുള്ള സിന്‍ഡിക്കേറ്റിന്‍റെ ഭാഗമാണ് ഈ സംഘവും. ഓരാഴ്ചക്കുള്ളില്‍ 7500 കോടി വില വരുന്ന 762 കിലോ മയക്കുമരുന്നാണ് പൊലീസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നുവിത്.

കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയില്‍ 500 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിതേന്ദ്രപാല്‍ സിങ് എന്ന ജാസിയെ യുകെയിലേക്ക് കടക്കും മുമ്പ് അമൃതസർ വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. വിദേശ രാജ്യങ്ങളില്‍ നിന്നാണ് വലിയ തോതില്‍ കൊക്കെയ്ന്‍ ഇന്ത്യയിലേക്ക് എത്തുന്നതെന്നും പൊലീസ് വിലയിരുത്തുന്നു.

Also Read: ഗുഡ്ബൈ! ടാറ്റയെ അവസാനമായി കാണാന്‍ 'ഗോവ'യും എത്തി...

17 വർഷമായി യുകെയിലാണ് ജിതേന്ദ്രപാല്‍ സിങ് താമസിക്കുന്നത്. യുകെയിലെ പെർമെനന്‍റ് റെസിഡന്‍റാണ് സിങ്. സിങ്ങിനെ പിടികൂടുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിങ് കൂടി ഭാഗമായ ഈ മയക്കുമരുന്ന് സംഘത്തിന് ദുബായിലും ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ദുബായില്‍ താമസിക്കുന്ന വിരേന്ദ്ര ബൊസോയ എന്ന വ്യക്തിയുടെ പേര് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഉയർന്നു വന്നതാണ് ഇത്തരമൊരു സംശയത്തിനു കാരണം.

SCROLL FOR NEXT