ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാറിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാർമിനാറിന് സമീപമുള്ള ഗുൽസാർ ഹൗസ് റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സമീപ വർഷങ്ങളിൽ നഗരത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 5.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. പിന്നാലെ മുകളിലേക്ക് പടർന്നുകയറുകയായിരുന്നു. അപകടം നടക്കുമ്പോൾ മിക്ക താമസക്കാരും ഉറക്കത്തിലായിരുന്നു എന്നത് ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. തീപിടിച്ചതോടെ കെട്ടിടമാകെ പുക പടർന്നെന്നും ഇത് കൂടുതൽ മരണങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
ദുരന്തത്തിൽ കൊലപ്പെട്ടവർക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. " ഹൈദരാബാദിലെ തീപിടിത്തത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ച വ്യക്തികളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് യഥാക്രമം 2 ലക്ഷം രൂപയും 50,000 രൂപയും വീതം ധനസഹായം നൽകും,"- എക്സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.