പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അശാന്തമായി വെനസ്വേല തെരുവുകൾ. നിലവിലെ പ്രസിഡൻ്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ് മഡൂറോയുടെ വിജയത്തിന് പിന്നാലെയാണ് രാജ്യത്ത് അരക്ഷിതാവസ്ഥ ഉയർത്തികൊണ്ടുള്ള പ്രതിഷേധങ്ങളുയരുന്നത്. നിക്കോളാസിൻ്റെ വിജയം വ്യാജമാണെന്നും വോട്ട് ശതമാനത്തിൽ കൃത്രിമത്വം കാണിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം. പ്രക്ഷോഭം കനത്തതോടെ പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് വെനസ്വേലയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ ബുധനാഴ്ച മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി വെനസ്വേല സർക്കാർ പ്രഖ്യാപിച്ചു.
ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്കെത്തിയത്. എതിർ സ്ഥാനാർഥിയും വലതുപക്ഷ നേതാവുമായ എഡ്മണ്ടോ ഗോൺസാലസ് 73.2 ശതമാനം വോട്ട് നേടി വിജയിച്ചെന്നും നിക്കോളാസിൻ്റെ വിജയം അസാധുവാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ പക്ഷം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേ വലതുപക്ഷ നേതാവ് എഡ്മണ്ടോ ഗോൺസാലസിൻ്റെ വിജയമാണ് പ്രവചിച്ചിരുന്നത്. 11 വർഷമായി ഭരണത്തിലുള്ള നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഗോൺസാലസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കടക്കം കാരണമായത് നിക്കോളാസിൻ്റെ ഭരണമായിരുന്നെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വാദം.
പ്രക്ഷോഭകർ അക്രമസക്തരായതോടെ പ്രതിരോധത്തിനായി വെനസ്വേല പൊലീസെത്തി. ഇതോടെയാണ് സംഘർഷം കനത്തത്. ഭരണകക്ഷിയുടെ വിജയം അസാധുവാക്കണെമെന്നായിരുന്നു സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യവുമായെത്തിയ പ്രതിഷേധക്കാരുടെ ആവശ്യം. നിക്കോളാസ് മഡൂറോയുടെ ചിത്രങ്ങൾ കീറിയും ടയറുകൾ കത്തിച്ചും പ്രതിഷേധക്കാർ വെനസ്വേലയിൽ തീ പടർത്തി.
ഇതോടെ എല്ലാവരോടും സത്യം പറയുകയെന്നത് സർക്കാരിൻ്റെ കടമായാണെന്ന് പറഞ്ഞുകൊണ്ട് പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ രംഗത്തെത്തി. സത്യം കേൾക്കാനും അറിയാനും ക്ഷമയോടെയും ശാന്തതയോടെയും സജ്ജരാകാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. കാരണം ഏവർക്കും പരിചിതമായ നാടകമാണിത്. ഈ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും അക്രമാസക്തരെ എങ്ങനെ പരാജയപ്പെടുത്താമെന്നും ഞങ്ങൾക്കറിയാമെന്നും നിക്കോളാസ് മഡൂറോ പറഞ്ഞു.
പ്രതിഷേധത്തിൻ്റെ ഭാഗമായി റോഡുകൾ തടയുകയോ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവരെ നിയമത്തിൻ്റെ മുഴുവൻ ശക്തിയോടെയും നേരിടുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിച്ചത് മുതൽ അക്രമ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളിൽ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അറ്റോർണി ജനറൽ പറഞ്ഞു.
അതേസമയം പ്രഖ്യാപിച്ച ഫലവും ക്വിക്ക് കൗണ്ട് മെക്കാനിസങ്ങളിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയും ലഭിച്ച ഡാറ്റയുമായി വലിയ വ്യത്യാസമുണ്ടെന്നും ഇത് വോട്ടെണ്ണലിലെ അപാകതയെയാണ് സൂചിപ്പിക്കുന്നതെന്നും യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാരണത്താൽ വോട്ട് ശതമാനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന ഡാറ്റ പുറത്തുവിടാൻ വെനസ്വേലൻ തെരഞ്ഞെടുപ്പ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.