NEWSROOM

രാഹുലിനൊപ്പം വയനാടിന്റെ പ്രിയം തേടി പ്രിയങ്ക; ജനസാഗരമായി കല്‍പ്പറ്റ

11.45 ഓടെ ആരംഭിച്ച റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും തുറന്ന വാഹനത്തിന് സമീപത്തേക്ക് എത്തിയതോടെ ആവേശം പരകോടിയിലെത്തി

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ച് വയനാട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പ്രിയങ്ക വയനാട്ടില്‍ എത്തിയത്. വന്‍ ജനപങ്കാളിത്തം കൊണ്ട് റോഡ് ഷോയും ശ്രദ്ധേയമായി. കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിശ്ചയിച്ചതിലും ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്.

11.45 ഓടെ ആരംഭിച്ച റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും തുറന്ന വാഹനത്തിന് സമീപത്തേക്ക് എത്തിയതോടെ ആവേശം പരകോടിയിലെത്തി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റെയ്ഹാന്‍ വദ്രയും തുറന്ന വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നു.

പ്രിയങ്കയ്‌ക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖേര്‍ഗേയും കല്‍പ്പറ്റയില്‍ എത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയയും ഖാര്‍ഗേയും റോഡ് ഷോയില്‍ പങ്കെടുത്തില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഭൂപേഷ് ബാഗലും അടക്കമുള്ള ദേശീയ നേതാക്കള്‍ റോഡ് ഷോയുടെ ഭാഗമായി.

പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം ഗംഭീരമാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് നേതാക്കളും അണികളും. കേരളത്തിനു പുറത്തു നിന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ എത്തിയിരുന്നു. 2019 ല്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതിനേക്കാള്‍ വലിയ സ്വീകരണമാണ് പ്രിയങ്കയ്ക്ക് വയനാട് ഒരുക്കിയത്.

റോഡ് ഷോ പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രിയങ്ക ഗാന്ധി പത്രിക സമര്‍പ്പിക്കും. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമര്‍പ്പിക്കും.

SCROLL FOR NEXT