NEWSROOM

പ്രസവാവധി സ്ത്രീകളുടെ അവകാശം; ഒരു സ്ഥാപനത്തിനും നിഷേധിക്കാന്‍ കഴിയില്ല: സുപ്രീം കോടതി

സര്‍ക്കാര്‍ അധ്യാപികയായ സ്ത്രീ പ്രസവാവധി നിഷേധിച്ചു എന്ന് കാണിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്

പ്രസവാവധി പ്രസവാനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെതാണ് നിര്‍ണായക നിരീക്ഷണം. ഒരു സ്ഥാപനത്തിനും സ്ത്രീകളുടെ പ്രസവാവധിക്കുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുടെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ അധ്യാപികയായ തനിക്ക് പ്രസവാവധി നിഷേധിച്ചു എന്ന് കാണിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ടെന്ന് കാണിച്ചാണ് രണ്ടാം വിവാഹത്തിനു ശേഷമുള്ള പ്രസവാവധി അധ്യപികയ്ക്ക് നിഷേധിച്ചത്.

തമിഴ്‌നാട്ടില്‍ ആദ്യ രണ്ട് പ്രസവങ്ങളിലാണ് പ്രസവാവധി അനുവദിക്കാറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവധി നിഷേധിച്ചത്. എന്നാല്‍, ആദ്യത്തെ രണ്ട് പ്രസവങ്ങളിലും തനിക്ക് ജോലി ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ പ്രസവാവധി എടുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നുമായിരുന്നു അധ്യാപികയുടെ വാദം. രണ്ടാം വിവാഹത്തിനു ശേഷമാണ് തനിക്ക് ജോലി ലഭിച്ചത്. അതിനാല്‍ കുഞ്ഞിന്റെ പരിപാലനത്തിനായി അവധി ആവശ്യമാണെന്നും അധ്യാപിക വാദിച്ചു.

തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രസവാനുകൂല്യങ്ങള്‍ നേരത്തേ ഹര്‍ജിക്കാരിക്ക് ലഭിച്ചിരുന്നില്ലെന്നും പ്രസവാവധി നല്‍കേണ്ടതില്ലെന്ന തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

അധ്യാപികയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രസവാവധി പ്രത്യുത്പാദന അവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി.

ഏതൊരു സ്ത്രീക്കും കുഞ്ഞ് ജനിച്ചതിനുശേഷം 12 ആഴ്ച വരെ ശമ്പളത്തോടെയുള്ള പ്രസവാവധി എടുക്കാമെന്നായിരുന്നു പ്രസവാവധി നയം. 2017 ല്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് പ്രസവാവധി നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തി. എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. ദത്തെടുത്ത സ്ത്രീകള്‍ക്കും 12 ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

SCROLL FOR NEXT