NEWSROOM

സ്മാർട്ട് റോഡ് ഉദ്‌ഘാടനത്തിന് എത്താതിരുന്നത് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാൽ; മന്ത്രിമാർക്കിടയിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് എം.ബി. രാജേഷ്

പൊതുമരാമത്ത് വകുപ്പിനെതിരെ താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണെന്നും എം.ബി. രാജേഷ് പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

സ്മാർട്ട് റോഡ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കിടയിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് മന്ത്രി എം.ബി. രാജേഷ്. വസ്തുതാ വിരുദ്ധമായ വാർത്തയാണെന്നും അത്തരം വാർത്ത കൊടുക്കുന്നത് അന്യായമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നുവെന്നും, മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് സ്മാർട്ട് റോഡ് ഉദ്‌ഘാടനത്തിന് എത്താത്തതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പൊതുമരാമത്ത് വകുപ്പിനെതിരെ താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണെന്നും എം.ബി. രാജേഷ് പ്രതികരിച്ചു.

സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി. രാജേഷും തമ്മില്‍ തര്‍ക്കമുണ്ട്, സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടനത്തില്‍ തദ്ദേശ വകുപ്പിനെ അവഗണിച്ചതില്‍ എം.ബി. രാജേഷ് പരാതി ഉന്നയിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നത് ഇതു മൂലമാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

മെയ് 16 ന് മാനവീയത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ എം.ബി രാജേഷ് എത്തിയിരുന്നില്ല. അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയും പങ്കെടുക്കാത്ത ചടങ്ങ് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

SCROLL FOR NEXT