ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ്. രണ്ട് കൂട്ടരുടെയും അഭിപ്രായങ്ങൾ മാത്രമാണ് വന്നത്. പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതി തന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാനുസൃതമുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
രഞ്ജിത്തിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ പരിഹസിച്ച് വി.ടി ബൽറാം കുറിപ്പ് പങ്കിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം 'പിണറായി ഡാ.. സഖാവ് ഡാ.. ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം...' എന്ന പോസ്റ്റാണ് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. 'രഞ്ജിത്ത് സഖാവ് രാജി വച്ചതിന് ശേഷം ഇടാമെന്ന് വെച്ച് ഇരുന്നതാണ് ഈ ഫോട്ടോ. എത്രയാന്ന് വച്ചാ കാത്തിരിക്കുക, ഞാൻ ഇപ്പോഴേ ഇട്ടു'വെന്നുമാണ് പരിഹസിക്കുന്നത്.
2009-10 കാലഘട്ടത്തില്‍ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ഇതിനു പിന്നാലെ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അപമര്യാദയായി പെരുമാറിയ ആളുടെ പേരടക്കം എടുത്തു പറഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാർ സ്വീകരിക്കുന്നത്.