NEWSROOM

മാധ്യമങ്ങൾ മറന്നത് ഓർമപ്പെടുത്തുകയായിരുന്നു അദ്ദേഹം; മുകേഷിന്‍റെ രാജിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഇ.പി. ജയരാജനെ പിന്തുണച്ച് എം.ബി. രാജേഷ്

സിപിഎമ്മിനോടുള്ള സ്നേഹം കോൺഗ്രസിനോട് കാണിക്കാത്തത് ചൂണ്ടിക്കാട്ടി എന്നേയുള്ളൂ എന്നും എം.ബി. രാജേഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ മാധ്യമങ്ങളെ അറിയിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങൾക്ക് മുന്നിൽ എം.ബി. രാജേഷ്, ഇ.പി. ജയരാജനെ പിന്തുണച്ച് സംസാരിച്ചു. എൽഡിഎഫ് കൺവീനർ മാധ്യമങ്ങൾ മറന്നത് ഓർമപ്പെടുത്തുകയാണ് ചെയ്തത്. കോൺഗ്രസിലെ രണ്ട് എംഎൽഎമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടും ഇപ്പോഴും നടപടിയില്ലാതെ തുടരുന്നു. അത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരാത്തത് ഓർമപ്പെടുത്തുകയാണ് എൽഡിഎഫ് കൺവീനർ ചെയ്തത്. സിപിഎമ്മിനോടുള്ള സ്നേഹം കോൺഗ്രസിനോട് കാണിക്കാത്തത് ചൂണ്ടിക്കാട്ടി എന്നേയുള്ളൂ എന്നും എം.ബി. രാജേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം, ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ എം. മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. മുകേഷിൻ്റെ രാജിയാണ് ആവശ്യമെങ്കിൽ, ആദ്യം സമാന ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കണം. എല്ലാ എംഎൽഎമാർക്കും ഒരേ നിയമമാണെന്നും രണ്ട് എംഎൽഎമാർ രാജിവച്ചാൽ മൂന്നാമത്തെയാൾക്കും രാജിവെക്കേണ്ടി വരുമെന്നുമാണ് ഇ.പി. ജയരാജൻ പറഞ്ഞത്. യുഡിഎഫ് എംഎൽഎമാരായ എം. വിൻസന്റ, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ മുൻപ് ഉയർന്ന ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.പി. ജയരാജന്റെ പ്രസ്താവന.

അതേസമയം, ലൈംഗിക പീഡന കേസിൽ പ്രതിയായ മുകേഷിൻ്റെ രാജിക്കായി മുന്നണിക്കുള്ളിൽ നിന്നടക്കം സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. മുകേഷിനെതിരായ ആരോപണം ഉയർന്ന് വന്നതു മുതൽ എംഎൽഎ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ എന്ത് തീരുമാനം സ്വീകരിക്കുമെന്നത് ഏറെ നിർണായകമാണ്.

READ MORE: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം; നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്

SCROLL FOR NEXT