NEWSROOM

നേരം പുലരുന്നതുവരെ മര്‍ദനം, ഹിമാചല്‍ പ്രദേശില്‍ ക്രൂരമായ റാഗിങ്ങിനിരയായി എംബിഎ വിദ്യാര്‍ഥി

രജതിനെ മുറിയില്‍ കയറ്റി വിദ്യാര്‍ത്ഥികള്‍ വാതിലടച്ചു പൂട്ടി. തുടര്‍ന്ന് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ മര്‍ദ്ദിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


ഹിമാചല്‍ പ്രദേശിലെ സോലനില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായി എംബിഎ വിദ്യാര്‍ത്ഥി. സ്വകാര്യ സര്‍വ്വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിമാചല്‍ പ്രദേശ് സോലന്‍ ജില്ലയിലെ സ്വകാര്യ സര്‍വ്വകലാശാല ഹോസ്റ്റലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിലെ 216 ആം നമ്പര്‍ മുറിയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ രജത് കുമാറാണ് റാഗിങ്ങിന് ഇരയായത്. രാത്രിയില്‍ മുറിയിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ സീനിയേഴ്‌സ് വിളിക്കുന്നുണ്ടെന്നും 416 ആം നമ്പര്‍ മുറിയിലേക്ക് ചെല്ലാനും ആവശ്യപ്പെട്ടു. കൂടെ പോകാന്‍ വിസമ്മതിച്ചതോടെ ബലം പ്രയോഗിച്ച് കൊണ്ടുപോയി.


രജതിനെ മുറിയില്‍ കയറ്റി വിദ്യാര്‍ത്ഥികള്‍ വാതിലടച്ചു പൂട്ടി. തുടര്‍ന്ന് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ മര്‍ദ്ദിക്കുകയായിരുന്നു. കൈ കൊണ്ടും ബെല്‍റ്റുകൊണ്ടും മര്‍ദ്ദിച്ചു. പിറ്റേന്ന് പുലര്‍ച്ചെ വരെ മര്‍ദ്ദനം തുടര്‍ന്നുവെന്ന് രജത് പറഞ്ഞു.

രജതിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയതായി സര്‍വ്വകലാശാല അധികൃതരും അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടൊണ് റാഗിങ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.



SCROLL FOR NEXT