NEWSROOM

എംഡിഎംഎ കൊണ്ടുവന്നത് സിനിമാ നടിമാർക്ക് നൽകാൻ; മലപ്പുറത്ത് പൊലീസിന് മൊഴി നൽകി പ്രതി

കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമനടിമാർക്ക് നൽകാൻ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ വാഴക്കാട് പൊലീസിൻ്റെ പിടിയിലായി.

മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. കഴിഞ്ഞ രാത്രിയിൽ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാൽ നടിമാരുടെ പേര് അറിയില്ലെന്നാണ് ഷബീബ് പൊലീസിനോട് പറഞ്ഞത്.


ഒമാനിൽ നിന്നു വന്ന അബു താഹിറാണ് ലഹരി മരുന്ന് കോഴിക്കോട് വിമാനത്താവളം വഴി കൊണ്ടുവന്നതെന്നാണ് ഷബീബിന്റെ മൊഴി. പാൽപ്പൊടി പാക്കറ്റിൽ ഒളിപ്പിച്ചാണ് രാസലഹരി പുറത്ത് എത്തിച്ചതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ ചെമ്മാട് സ്വദേശി അബു താഹിറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഷബീബിൻ്റെ മൊഴിയിലെ വസ്തുതയെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.


SCROLL FOR NEXT