മെക് സെവന് എതിരായ പരാമർശത്തിൽ മലക്കമറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. തളിപ്പറമ്പ് സിപിഎം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് വ്യായാമ കൂട്ടായ്മക്ക് പിന്നിൽ വർഗീയശക്തികൾ ആണെന്ന ആരോപണമാണ് പി. മോഹനൻ ഉന്നയിച്ചത്. എന്നാൽ തളിപ്പറമ്പിലെ പ്രസംഗം മെക് സെവന് എതിരെ ആയിരുന്നില്ല എന്നും പൊതുയിടങ്ങളിൽ വർഗീയശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രതാ നിർദേശമായിരുന്നു അന്ന് നൽകിയതെന്നും പി. മോഹനൻ പറഞ്ഞു.
മെക്ക് സെവനുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നതിന് മുമ്പായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഈ വ്യായാമ കൂട്ടായ്മക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നിൽ നിരോധിത സംഘടനയായ PFIയും, SDPIയും ആണെന്നായിരുന്നു അന്ന് പി. മോഹനന്റെ വിമർശനം.
എന്നാൽ മെക്ക് സെവൻ ചർച്ച ചൂട് പിടിച്ചപ്പോൾ അതിൽനിന്ന് നേരെ മലക്കം മറിയുന്ന പ്രസ്താവനയാണ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പി. മോഹനൻ നടത്തിയത്. ഇത്തരം സംഘടനകളിൽ PFIയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിന്റെയും നുഴഞ്ഞുകയറ്റം ഉണ്ടെന്ന ജാഗ്രത നിർദ്ദേശമാണ് നൽകിയതെന്നാണ് ജില്ലാ സെക്രട്ടറിയുടെ പുതിയ നിലപാട്.
പി. മോഹനന്റെ പരാമർശത്തെ സാധൂകരിച്ചുകൊണ്ട് സുന്നി കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കാന്തപുരം വിഭാഗം നേതാക്കളായ പേരോട് അബ്ദുറഹ്മാൻ സഖാഫിയും, എസ് വൈ എസ് നേതാവ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയുമായിരുന്നു ഈ വ്യായാമ കൂട്ടായ്മക്കെതിരെ ശക്തമായ ആരോപണം ഉയർത്തിയത്.
എന്നാൽ ആരോപണങ്ങൾ മെക് സെവൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആളുകൾ കൂടുതൽ വരികയാണ് ചെയ്തതെന്നുമാണ് മെക് സെവൻ ഭാരവാഹികൾ പറഞ്ഞത്.