മലബാറിലെ ഗ്രാമത്തിൽ ആരംഭിച്ച മെക് -7 കൂട്ടായ്മയെ കുറിച്ച് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് സ്ഥാപകൻ പി. സലാഹുദീൻ വ്യക്തമാക്കി. ജാതി - മത-രാഷ്രീയവ്യത്യാസമില്ലാതെ പൊതുജനാരോഗ്യ സംരക്ഷണ ദൗത്യം മാത്രമാണ് ഈ വ്യായമമുറ കൊണ്ട് ലക്ഷ്യമിടുന്നത്. സാമ്പത്തിക ചെലവില്ലാത്ത വ്യായാമമുറയുടെ പ്രചാരകർ ഗുണഭോക്താക്കൾ ആണെന്നും വിമുക്തഭടൻ കൂടിയായ സലാഹുദ്ദീൻ കൂട്ടിച്ചേർത്തു. ഒരു ലോബിക്കും മെക് - 7 നെ കയ്യടക്കാൻ കഴിയില്ലെന്നും അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു.
മെക് -7 കൂട്ടായ്മ കഴിഞ്ഞ ദിവസങ്ങളിൽ ചൂടുള്ള ചർച്ചാവിഷയമാണ്. സിപിഎമ്മും, കാന്തപുരം സുന്നി വിഭാഗവും മെക്- 7ന് എൻഡിഎഫ്- പിഎഫ്ഐ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലും നിരവധി പേരാണ് മെക്- 7 പരിശീലനത്തിന് കോഴിക്കോട് ബീച്ചിലേക്ക് എത്തുന്നത്.
ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമമുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012ലാണ് മെക് -7 തുടങ്ങുന്നത്. 2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് - 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളരുകയായിരുന്നു. എയ്‌റോബിക്‌സ്, ഫിസിയോതെറാപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് - 7.