NEWSROOM

പി.വി. അൻവറിൻ്റെ ആരോപണം; എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തകൻ വിനു. വി. ജോൺ

കൊലപാതക കേസിലെ പ്രതികൾക്ക് വേണ്ടി വിനു. വി. ജോൺ എഡിജിപി അജിത് കുമാറിനെ വിളിച്ചെന്നായിരുന്നു പി.വി. അൻവർ എംഎൽഎയുടെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി മാധ്യമപ്രവർത്തകൻ വിനു. വി. ജോൺ. അൻവർ ഉന്നയിച്ച ആരോപണങ്ങൾ അസത്യവും അസംബന്ധവും ആണെന്നായിരുന്നു വിനു. വി. ജോണിൻ്റെ പ്രതികരണം. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിനു. വി. ജോൺ വ്യക്തമാക്കി. കൊലപാതക കേസിലെ പ്രതികൾക്ക് വേണ്ടി വിനു. വി. ജോൺ എഡിജിപി അജിത് കുമാറിനെ വിളിച്ചെന്നായിരുന്നു പി.വി. അൻവർ എംഎൽഎയുടെ ആരോപണം.

കേസുമായി ബന്ധപ്പെട്ട് വിനു അജിത് കുമാറിനെ വിളിച്ചെന്നും എഡിജിപി സഹായിക്കാമെന്ന് വാഗ്ദാനെ ചെയ്തുന്നുമായിരുന്നു പി.വി. അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞത്. പോക്സോ കേസിൽ കോഴിക്കോട് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് കോടതിയിൽ എത്തുമ്പോൾ സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്നറിയാമെന്നും അൻവർ ആരോപിച്ചിരുന്നു. ഈ പ്രസ്താവനകൾക്കെതിരെയാണ് വിനു. വി. ജോൺ രംഗത്തെത്തിയിരിക്കുന്നത്.

എഡിജിപി എം.ആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് പി.വി. അൻവർ എംഎൽഎ നടത്തിയത്. സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നുണ്ട് എന്നുമായിരുന്നു പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

പൊലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. ചിലർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും കോൾ റെക്കോർഡ് പുറത്തുവിടുന്നത് വേറെ മാർഗമില്ലാത്തതിനാൽ ആണെന്നും പി.വി. അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനതിരെ പി.വി. അൻവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. അജിത് കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിമാണെന്നും പി.വി. അൻവർ പറഞ്ഞു.

താനൂർ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളും എംഎൽഎ പുറത്തുവിട്ടിരുന്നു. എഡിജിപിയുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്ത ജിഫ്രിയെ കൊലപ്പെടുത്തണമെന്ന് കരുതിയിട്ടില്ലെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിൻ്റെ കസ്റ്റഡിയിൽ വെച്ച് 2023 ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്.

SCROLL FOR NEXT