മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഉമേഷ് ഉപാധ്യായ അന്തരിച്ചു. 64 വയസ്സായിരുന്നു. തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ചിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണാണ് മരിച്ചത്. വീട് പുതുക്കിപ്പണിയുന്നത് സന്ദർശിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നാലാമത്തെ നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടെലിവിഷനിലും ഡിജിറ്റൽ മീഡിയയിലും തൻ്റെ വിപുലമായ സംഭാവനകളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ടെലിവിഷൻ, പ്രിൻ്റ്, റേഡിയോ, ഡിജിറ്റൽ മീഡിയ എന്നിവയിലുൾപ്പടെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും അദ്ദേഹം സേവനമാനുഷ്ഠിച്ചിട്ടുണ്ട്.
ALSO READ: മലയാള സിനിമ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടായിരുന്നു, ഞാൻ പവർ ഗ്രൂപ്പിന്റെ രക്തസാക്ഷി: പ്രിയനന്ദനൻ
അദ്ദേഹത്തിൻ്റെ “വെസ്റ്റേൺ മീഡിയ നറേറ്റീവ്സ് ഓൺ ഇന്ത്യ – ഗാന്ധി ടു മോദി” എന്ന പുസ്തകം വിദേശ മാധ്യമങ്ങളുടെ ഇന്ത്യാ വിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. 1959-ൽ മഥുരയിൽ ജനിച്ച ഉപാധ്യായ 1980-കളുടെ തുടക്കത്തിലാണ് തൻ്റെ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്.