NEWSROOM

പാമ്പുകടിയേറ്റ് മരിച്ച യുവാവിന് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപണം; കൊട്ടാരക്കര താലൂക്കാശുപത്രിക്കെതിരെ ബന്ധുക്കള്‍‌

ചികിത്സ വൈകിപ്പിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

Author : ന്യൂസ് ഡെസ്ക്

കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പാമ്പ് കടിയേറ്റ് എത്തിയ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. ചികിത്സ വൈകിപ്പിച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓടനാവട്ടം സ്വദേശിയായ 27 കാരൻ നിഥുനാണ് മരിച്ചത്. ചികിത്സ വൈകിപ്പിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞദിവസം രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടന്നപ്പോഴാണ് യുവാവിന് പാമ്പ് കടി ഏറ്റത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ച് ആൻ്റി വെനം കൊടുത്തെങ്കിലും പുലർച്ചെ 7 മണിയോടെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം എന്ന് ആശുപത്രി അധികൃതർ ആദ്യം ബന്ധുക്കളോട് നിർദേശിച്ചിരുന്നു. തുടർന്ന് ഐസിയു ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും പിന്നീട് രോഗിയെ വിട്ട് നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മറ്റൊരു ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ നിഥുന് ജീവൻ നഷ്ടമാകില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് രാഷ്ട്രീയ സംഘടനകൾ ഡോക്ടർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സമരക്കാർ വിളിച്ചിരുന്നുവെങ്കിലും ഫോൺ എടുക്കാൻ തയാറായില്ല. തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ പകരം ചുമതലയുള്ള മറ്റൊരു ഡോക്ടറെത്തി വിശദീകരണം നൽകുകയായിരുന്നു. നിഥുൻ്റെ ഇടതുകൈയുടെ ഞരമ്പിൽ ശക്തമായ പാമ്പുകടി ഏറ്റിരുന്നതിനാൽ അധികവിഷം ശരീരത്തിലെത്തിയിരുന്നു. ആൻ്റി വെനം ഉൾപ്പെടെ നൽകി എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

SCROLL FOR NEXT