കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ പത്തു വയസുകാരൻ്റെ ഞരമ്പ് മാറി മുറിച്ചു. പുല്ലൂർ - പെരളം സ്വദേശിയായ പത്ത് വയസുകാരന്റെ ഹൃദയത്തിലേക്കുള്ള രക്തധമനിയാണ് മുറിച്ചത്. പരസഹായമില്ലാതെ എഴുന്നേൽക്കാനാകാത്ത അവസ്ഥയിലാണ് പത്തു വയസുകാരൻ.
കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസമായിരുന്നു ശസ്ത്രക്രിയ. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛനെ ഡോക്ടര്‍ വിളിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞു.
മിംസിൽ നിന്നുള്ള പരിശോധനയില്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഉചിതമല്ലെന്നും കുറച്ചുകൂടി മുതിർന്ന ശേഷം ചെയ്യാമെന്നുമാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്.