NEWSROOM

കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ്; അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തിയിട്ട് ബാക്കി ഭാഗം വയറില്‍ തന്നെ

ആശുപത്രിക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവെന്ന് പരാതി. അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തിയതിന്റെ ബാക്കി ഭാഗം വയറിനകത്തുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ ഇരുപതുകാരന്‍ വിഷ്ണുജിത്ത് ഒരു വര്‍ഷത്തോളമാണ് ദുരിതമനുഭവിച്ചത്. ആരോഗ്യ പ്രശ്‌നം മൂലം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയിലാണ് ഓപ്പറേഷന്‍ ചെയ്തതിന്റെ ബാക്കി വയറിനകത്ത് തന്നെ കിടക്കുന്നതായി മനസിലായത്. ആശുപത്രിക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

2023 ഒക്ടോബറിലാണ് കടുത്ത വയറുവേദനയും പനിയും മൂലം കുടുംബം വിഷ്ണുജിത്തിനെ കോലഞ്ചേരിയുള്ള എംഒഎസ്‍സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് പരിശോധനയിലൂടെ തിരിച്ചറിഞ്ഞതിലൂടെ അടുത്ത ദിവസം തന്നെ ഓപ്പറേഷന്‍ ചെയ്യുകയും ചെയ്തു.


ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷവും വിഷ്ണുജിത്തിന് പനിയും ഛര്‍ദിയും വയറുവേദനയും നേരിട്ടു. വീണ്ടും പരിശോധനയും ചികിത്സയും കഴിഞ്ഞു തിരിച്ചു വന്നെങ്കിലും വയറുവേദനയ്ക്ക് മാറ്റമുണ്ടായില്ല. ശാരീരിക അസ്വസ്ഥതകള്‍ മാറാതെ വന്നതിനെ തുടര്‍ന്ന് കുടുംബം മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കടുത്ത ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വിഷ്ണുജിത്തിന് ജോലിക്ക് പോകാന്‍ പോലും സാധിച്ചിരുന്നില്ല.

സര്‍ജറി കഴിഞ്ഞിട്ടും പനിയും ഛര്‍ദ്ദിയും വിട്ടുമാറാത്തത് ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ അപ്പെന്‍ഡിസൈറ്റിസ് രോഗത്തിന് ഇത് സാധാരണയാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് വിഷ്ണുജിത്തിന്റെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.


"സര്‍ജറി കഴിഞ്ഞിട്ടും പനിയും ഡയറിയയും ഛര്‍ദിയും മാറുന്നുണ്ടായിരുന്നില്ല. ഇതിന് എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ഈ രോഗത്തിന് ഇത് സാധാരണയായി ഉണ്ടാവുന്നതാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. നമുക്ക് അറിയില്ലല്ലോ. അവര്‍ പറയുന്നതല്ലേ വിശ്വസിക്കുക. അതുകൊണ്ട് ഇത് മാറും എന്നുള്ള പ്രതീക്ഷയിലായിരുന്നു. പക്ഷെ ആറ് മാസം കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ല," വിഷ്ണുജിത്തിന്റെ അമ്മ പറഞ്ഞു.

വിഷ്ണുജിത്തിന് ഈ കാലത്ത് വലിയ തോതില്‍ ഭാരം കുറഞ്ഞു. ഇതിന് കാരണമായി ഡോക്ടര്‍ പറഞ്ഞത് വിഷ്ണുവിന് സ്‌പൈനല്‍ ടിബി ഉണ്ടെന്നാണ് എന്നും അമ്മ പറഞ്ഞു. അതുമായി ബന്ധപ്പെട്ട ഒരു പരിശോധനയും നടത്താതെയാണ് ഡോക്ടര്‍ ഇത് പറഞ്ഞതെന്നും അമ്മ കൂട്ടിച്ചേർത്തു.

SCROLL FOR NEXT