NEWSROOM

കാസര്‍ഗോഡ് ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മാറി മുറിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും

സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കുക

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് ജില്ലാ ആശുപത്രിയിൽ 10 വയസുകാരൻ്റെ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിൽ അന്വേഷണ കമ്മിറ്റി അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കും. മാതാപിതാക്കളിൽ നിന്നും ഡോക്ടറിൽ നിന്നും സംഘം മൊഴിയെടുത്തു. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കുക.

ജനറൽ ആശുപത്രി സർജൻ, ഡിഎംഒ പ്രതിനിധി, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരടങ്ങിയതാണ് കമ്മിറ്റിയെ ഡിഎംഒയാണ് നിയോഗിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനായ പത്തു വയസുകാരൻ്റെ വീട്ടിലെത്തി കമ്മിറ്റിയംഗങ്ങൾ പരിശോധന നടത്തിയിരുന്നു. ഒപ്പം മാതാപിതാക്കളിൽ നിന്ന് മൊഴിയെടുത്ത് റിപ്പോർട്ടുകളും പരിശോധിച്ചു.

ഓപ്പറേഷൻ നടത്തിയ ഡോക്ടർ വിനോദിനെയും, ഓപ്പറേഷൻ സമയത്ത് കൂടെ ഉണ്ടായിരുന്ന സ്റ്റാഫുകളേയും വിളിപ്പിച്ച് മൊഴിയെടുത്തു. 10 വയസുകാരന് തുടർ ചികിത്സ നൽകിയ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കുക.റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ മാസം 19നാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനെത്തിയ കുട്ടിയുടെ ഞരമ്പ് അബദ്ധത്തിൽ മുറിച്ചത്. ഇതോടെ കിടപ്പിലായ കുട്ടിക്ക് പരസഹായമില്ലാതെ ചലിക്കാനാകാത്ത അവസ്ഥയിലാണ്. പിതാവ് അശോകൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. വാർത്തയായതോടെയാണ് ഡിഎംഒ അന്വേഷണ സംഘത്തെ നിയോഗിച്ചത്.

SCROLL FOR NEXT