NEWSROOM

ഒന്‍പത് മാസത്തെ കുടിശ്ശിക ലഭിച്ചില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യായവില മെഡിക്കല്‍ സ്റ്റോറുകളിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തി

മരുന്നു വിതരണം നിര്‍ത്തിവയ്ക്കുമെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിനും, ആരോഗ്യമന്ത്രിക്കും വിതരണക്കാര്‍ നേരത്തെ കത്ത് അയച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യായവില മെഡിക്കല്‍ സ്റ്റോറുകളിലേക്കുള്ള മരുന്നിന്റെയും, സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. 9 മാസത്തെ കുടിശ്ശിക ലഭിക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. അതേസമയം ഒരു മാസത്തെ കുടിശിക തീര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

2024 മാര്‍ച്ച് മുതലുള്ള കുടിശ്ശികയാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ മരുന്ന് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. 9 മാസത്തെ കുടിശ്ശികയിനത്തില്‍ 90 കോടിയോളം തുക ലഭിക്കണം. മരുന്നു വിതരണം നിര്‍ത്തിവയ്ക്കുമെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിനും, ആരോഗ്യമന്ത്രിക്കും വിതരണക്കാര്‍ നേരത്തെ കത്ത് അയച്ചിരുന്നു. പണം നല്‍കാനുള്ള നടപടികള്‍ ഇല്ലാത്തതിനാലാണ് ഇപ്പോള്‍ മരുന്ന് വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചതെന്ന് മരുന്നു വിതരണക്കാര്‍ പറയുന്നു.

മരുന്ന് വിതരണക്കാരുടെ സമരം നീണ്ടുപോയാല്‍ മെഡിക്കല്‍ കോളേജില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ വഴിയുള്ള മരുന്ന്, സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പന എന്നിവയും പൂര്‍ണ്ണമായും നിലയ്ക്കും. ഇതോടെ സാധാരണക്കാരായ രോഗികളാണ് ദുരിതത്തില്‍ ആവുക. വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ 225 കോടി രൂപ സര്‍ക്കാരില്‍ നിന്നും മെഡിക്കല്‍ കോളേജിന് ലഭിക്കാനുണ്ട്. ഈ പണം ലഭ്യമാകാത്തതാണ് മരുന്നു വിതരണക്കാര്‍ക്കുള്ള കുടിശ്ശിക മുടങ്ങാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി ഒരു മാസത്തെ കുടിശിക തീര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

SCROLL FOR NEXT