മെഡിസെപ്പ് പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ 1,485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയത്. ഇതിൽ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കായാണ് നൽകിയത്. 87.15 കോടി രൂപ സർക്കാർ ആശുപത്രികളിലെ ചികിത്സയ്‌ക്കും നൽകി. അതീവ ഗുരുതര രോഗങ്ങൾ, അവയവമാറ്റ ശസ്‌ത്രക്രിയകൾ എന്നിവയ്‌ക്കായി 56.29 കോടി രൂപ പ്രത്യേക നിധിയിൽ നിന്ന് അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി.
1920 മെഡിക്കൽ, സർജിക്കൽ ചികിത്സാ രീതികളാണ് മെഡിസെപ്പ് പദ്ധതിയിൽ സൗജന്യമായി നൽകുന്നത്. 12 അവയവമാറ്റ ശസ്ത്രക്രിയകളും സൗജന്യമാണ്. ഇതിനായി, 553 ആശുപത്രികളെയാണ് എംപാനൽ ചെയ്‌തിട്ടുള്ളത്. അതിൽ , 408 സ്വകാര്യ ആശുപത്രികളുമുണ്ട്. മുട്ടു മാറ്റൽ ശസ്‌ത്രക്രീയ മാത്രമേ നടത്താൻ സാധിക്കൂ. ബാക്കിയുള്ള എല്ലാ ചികിത്സാ രീതികൾക്കും കാർഡ് ഉടമകൾക്ക് താൽപര്യമുള്ള എംപാനൽ ചെയ്‌ത ആശുപത്രികളെ സമീപിക്കാൻ സാധിക്കും.