ഉത്തർപ്രദേശ് മീററ്റിൽ ഭർത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയിൽ സൂപ്രണ്ട്. മുസ്കാൻ ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടു എന്നാണ് സ്കാനിങ്ങിൽ വ്യക്തമായത്. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുതിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാർച്ച് 19നാണ് മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും അറസ്റ്റിലായത്. അറസ്റ്റിന് നേഷം മീററ്റ് ജില്ലാ ജയിലിലെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗർഭിണിയായതിൻ്റെ ലക്ഷണങ്ങൾ മുസ്കാൻ കാണിച്ചു തുടങ്ങി.
തുടർന്ന് മെഡിക്കൽ കോളേജിൽ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്ന് വ്യക്തമായത്. ഗർഭിണിയാണെന്ന് സിഥിരീകരിച്ചതോടെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശർമ്മ പറഞ്ഞു.
മാർച്ച് നാലിനാണ് മുസ്കാനും സാഹിലും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയതിനെ തുടർന്ന് മയങ്ങിയ സൌരഭിനെ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. സൗരഭിൻ്റെ ഹൃദയത്തിൽ 3 തവണ ആഴത്തിൽ കുത്തേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കൊലയ്ക്ക് ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമൻ്റ് ഇട്ട് അടയ്ക്കുകയായിരുന്നു.
സൗരഭിൻ്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലും കൈകൾ കൈത്തണ്ടയിൽ നിന്ന് മുറിച്ച് മാറ്റിയ നിലയിലും കാലുകൾ പിന്നിലേക്ക് വളഞ്ഞ നിലയിലുമായിരുന്നു. മാർച്ച് 18ന് മുസ്കാൻ അമ്മയോട് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിന്നാലെ മുസ്കാനും സാഹിലും അറസ്റ്റിലായി.
ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുടുംബത്തിൻ്റെ എതിർപ്പിനെ അവഗണിച്ച് 2016ലാണ് സൌരഭും മുസ്കാനും വിവാഹിതരായത്. ഇവർക്ക് 6 വയസ്സുള്ള മകളുണ്ട്. സ്കൂൾ കാലം മുതൽ മുസ്കാനും സാഹിലും പരിചയമുണ്ടെന്നും 2019ൽ വാട്‌സാപ്പ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.