താലിബാൻ നേതാക്കൾക്കായി സംഘടിപ്പിച്ച ഐക്യരാഷ്ട്ര സംഘടനയുടെ യോഗത്തിൽ സ്ത്രീകളെ ഒഴിപ്പിച്ചതിനെ ചൊല്ലി വിവാദം. അഫ്ഗാൻ പ്രതിസന്ധി ചർച്ചചെയ്യാൻ ദോഹയിൽ വിളിച്ച യോഗത്തിലാണ് സ്ത്രീ പ്രതിനിധികളെ ഇറക്കിവിട്ടത്.
സമ്മേളനത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുമെന്ന് സംഘാടകർ അറിയിച്ച ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് താലിബാൻ പ്രതിനിധികൾ സമ്മതിച്ചത്.
അഫ്ഗാൻ പ്രതിസന്ധി ചർച്ചചെയ്യാൻ യുഎൻ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത്തെ യോഗമായിരുന്നു ദോഹയിൽ നടന്നത്. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ നേതൃത്വത്തിൽ അഫ്ഗാൻ പ്രതിസന്ധിയിലെ അന്താരാഷ്ട്ര ഇടപെടൽ ചർച്ച ചെയ്യാൻ ഒരു വർഷം മുമ്പ് ആരംഭിച്ച "ദോഹ ഇടപെടലി"ൽ താലിബാൻ പങ്കെടുക്കുന്നത് ഇതാദ്യമാണ്.
താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ മുതൽ അഫഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മറ്റും ഏർപ്പെടുത്തിയ നിബന്ധനകൾക്കു പുറമെ ക്രൂര ശിക്ഷാ മാർഗങ്ങളും താലിബാൻ തുടരുന്നുണ്ടായിരുന്നു. 1996 മുതൽ 2001 വരെയുള്ള താലിബാൻ്റെ മുൻ ഭരണകാലത്തെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട സമീപനം വാഗ്ദാനം ചെയ്തെങ്കിലും ക്രമേണ സ്ത്രീകളെ വിലക്കുന്ന നയമാണ് സ്വീകരിച്ചത്. ഈ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നിന്നാണ് സ്ത്രീകളെ ഒഴിവാക്കിയത്.