NEWSROOM

'സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍ക്കുന്നു'; പി. ശശിക്കെതിരെയുള്ള പരാതി പുറത്തുവിട്ട് പി.വി. അൻവർ

പി. ശശി സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നുവെന്നും പി.വി. അൻവറിൻ്റെ പരാതിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ എംഎൽഎ. പ്രാദേശിക നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചാൽ തടയും. ആ‍ർഎസ്എസ്, കോൺഗ്രസ് നേതാക്കൾക്ക് പൊലീസ് സ്റ്റേഷനുകളിൽ സ്വാധീനമുണ്ട്. സ്വർണക്കടത്തിന്റെ പങ്ക് പി. ശശി പറ്റുന്നു. പി. ശശി സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നുവെന്നും പി.വി. അൻവറിൻ്റെ പരാതിയിൽ പറയുന്നു.

പരാതിയുടെ പക‍‍ർപ്പ് അൻവ‍ർ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ടിവി രാഷ്ട്രീയ ചർച്ചയിൽ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ല എന്ന് ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സിപിഐഎം പ്രതിനിധി അഡ്വ: അനിൽ കുമാർ നടത്തിയ പ്രസ്താവന പൊതുസമൂഹത്തിനിടയിൽ തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു പി.വി. അൻവ‍ർ പരാതി പുറത്തുവിട്ടത്. തൽക്കാലം പരാതി പുറത്തുവിടണ്ട എന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ നിർബന്ധിതനായിരിക്കുകയാണെന്നും അൻവ‍ർ ഫേസ്ബുക്കിൽ കുറിച്ചു.


ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ വിഷയങ്ങളില്‍ പി. ശശിയുടെ ഇടപെടലുകളില്‍ സംശയം ഉന്നയിച്ചും വിമര്‍ശിച്ചുമാണ് പരാതി നല്‍കിയത്.

അതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പി. ശശി ഒഴിഞ്ഞുമാറി. പാർട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്ന് ഒറ്റ വാചകത്തിൽ പി. ശശി മറുപടി നൽകി.

SCROLL FOR NEXT