NEWSROOM

'അഭിപ്രായ സ്വാതന്ത്ര്യത്തിന് പിന്തുണ നല്‍കി'; മസ്കിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് യുറോപ്യൻ പാര്‍ലമെൻ്റ് അംഗം

അഭിപ്രായ സ്വതന്ത്ര്യം, മനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളിലെ മസ്കിന്‍റെ സംഭാവനകള്‍ പരിഗണിച്ചാണ് നാമനിര്‍ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സമാധാനത്തിനുള്ള നൊബേലിന് ഇലോൺ മസ്കിനെ നാമനിര്‍ദേശം ചെയ്ത് യുറോപ്യൻ പാര്‍ലമെൻ്റ് അംഗം ബ്രാങ്കോ ഗ്രിംസ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റിക്ക് മുന്നില്‍ 2025 ലെ സമാധാനത്തിനുള്ള നൊബേലിന് മസ്കിന്‍റെ പേര് നിര്‍ദേശിക്കുന്നതിനുള്ള നിവേദനം സമര്‍പ്പിച്ചതായി ഗ്രിംസ് വ്യക്തമാക്കി. അഭിപ്രായ സ്വതന്ത്ര്യം, മനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളിലെ മസ്കിന്‍റെ സംഭാവനകള്‍ പരിഗണിച്ചാണ് നാമനിര്‍ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ലൊവേനിയൻ രാഷ്ട്രീയ നേതാവായ ബ്രാങ്കോ ​ഗ്രിംസ് നിവേദനം ലഭിച്ചത് സ്ഥിരീകരിച്ചുകൊണ്ട് നോർവീജിൻ നൊബേൽ കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവച്ചു. '2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള നിങ്ങളുടെ നാമനിർദേശം വിജയകരമായി സമർപ്പിച്ചിരിക്കുന്നു' എന്നാണ് ഇമെയിൽ. നാമനിർദേശ പ്രക്രിയയുടെ ഭാ​ഗമായവർക്കും മസ്കിനെ ശുപാർശ ചെയ്യുന്ന മറ്റുള്ളവർക്കും ​ഗ്രിംസ് നന്ദി രേഖപ്പെടുത്തി.

"മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അതുവഴി സമാധാനത്തിനുമായുള്ള സ്ഥിരമായ പിന്തുണയ്‌ക്ക് 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഇലോൺ മസ്‌കിനെ ഇന്ന് വിജയകരമായി നാമനിർദേശം ചെയ്തു. ഈ വെല്ലുവിളി നിറഞ്ഞ പദ്ധതിയിൽ സഹായിച്ച എല്ലാ സഹനിർദേശകർക്കും മറ്റുള്ളവർക്കും ആത്മാർത്ഥമായ നന്ദി!" ഗ്രിംസ് എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ഡിസംബറിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന നിലയിൽ മസ്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2024ൽ നോർവീജിയൻ പാർലമെന്റ് അം​ഗമായ മാരിയസ് നിൽസനും മസ്കിനെ നാമനിർദേശം ചെയ്തിരുന്നു. മസ്ക് സംവാദത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഉറച്ച പ്രതിരോധം തീർക്കുന്ന വ്യക്തിയാണെന്നും ലോകത്തെ കൂടുതൽ ബന്ധിപ്പിക്കുന്നതിനും സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിനും സഹായിച്ചുവെന്നുമാണ് നിൽസൻ അഭിപ്രായപ്പെട്ടത്.

SCROLL FOR NEXT