പട്ടം താണുപിള്ള 
NEWSROOM

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ; പട്ടം താണുപിള്ളയുടെ ഓർമയ്ക്ക് 54 വയസ്

തിരുവിതാംകൂർ മുതൽ ഐക്യകേരളം വരെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പട്ടം സംസ്ഥാനത്തിൻ്റെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയാണ്. രണ്ടരവർഷക്കാലം പദവിയിലിരുന്ന പട്ടം പഞ്ചാബ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ മുൻമുഖ്യമന്ത്രി പട്ടം താണുപിള്ള വിടവാങ്ങിട്ട് 54 വർഷം. തിരുവിതാംകൂർ മുതൽ ഐക്യകേരളം വരെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പട്ടം സംസ്ഥാനത്തിൻ്റെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയാണ്. രണ്ടരവർഷക്കാലം പദവിയിലിരുന്ന പട്ടം പഞ്ചാബ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അന്ധ്രപ്രദേശിൻ്റെ ഗവർണറായും സ്ഥാനമേൽക്കുന്നു.

1885 ൽ ജനിച്ച പട്ടം അഭിഭാഷക ജോലിക്കിടെ സ്റ്റേറ്റ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാകുന്നത്. 1948 ൽ തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ പട്ടം കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസം മൂലം പാർട്ടി വിട്ട് പ്രജാ സോഷ്യയലിസ്റ്റ് പാർട്ടി രൂപീകരിച്ചു. ഒന്നാം ഇ എംഎസ് സർക്കാർ വീണ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഭൂരിപക്ഷം നേടിയത്. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പി ടി ചാക്കോയും ആർ ശങ്കറും കെ പി മാധവൻ നായരും ഉൾപ്പെടെ ഒരുപറ്റം നേതാക്കൾ രംഗത്തെത്തിയിരുന്നു. എല്ലാവരെയും പിന്നിലാക്കി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായ പട്ടം മുഖ്യമന്ത്രിയായി ചുമതലയേറ്റു. സഖ്യം വിജയിച്ചതോടെയാണ് പട്ടം മുഖ്യമന്ത്രിയാകുന്നത്. പിന്നീടുള്ള രണ്ടരവർഷക്കാലം പട്ടത്തിന് ഏറെ സംഘർഷഭരിതമായിരുന്നു.

അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കേരളാ ഗവര്‍ണര്‍ വി.വി ഗിരിയും ആഭ്യന്തര മന്ത്രി പി.ടി ചാക്കോയും ചേര്‍ന്നുണ്ടാക്കിയ പദ്ധതി പ്രകാരം പട്ടത്തിനെ ഗവർണറാക്കാൻ തീരുമാനിക്കുന്നു. ഇതനുസരിച്ച് 1962 സെപ്‍തംബര്‍ ഒന്നിന് പട്ടം മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നു. ഇതോടെ കേരള ചരിത്രത്തില്‍ രാജിവെച്ച ആദ്യ മുഖ്യമന്ത്രിയെന്നും പട്ടം അറിയപ്പെടുന്നു. 1964 മേയ് നാല് വരെ അദ്ദേഹം പഞ്ചാബ് ഗവര്‍ണറായി തുടര്‍ന്നു. പിന്നീട് 1968 ഏപ്രില്‍ വരെ ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്നു. ഗവർണർ സ്ഥാനത്തു നിന്ന് വിരമിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയ പട്ടം സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ 1970 ജൂലൈ 27 ന് ലോകത്തോട് വിട പറഞ്ഞു.

SCROLL FOR NEXT