NEWSROOM

ക്ഷേത്രങ്ങളിൽ പുരുഷന്മാർ മേൽ വസ്ത്രമഴിക്കേണ്ടെന്ന നിബന്ധന നടപ്പാക്കില്ല; ആലോചിച്ചെടുക്കേണ്ട തീരുമാനമെന്ന് വി.എൻ. വാസവൻ

ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അഭിപ്രായം വിപ്ലവകരമെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ക്ഷേത്രങ്ങളിൽ പുരുഷന്മാർ മേൽ വസ്ത്രമഴിച്ച് കയറേണ്ടെന്ന നിബന്ധന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉടൻ നടപ്പാക്കില്ല. ഒഴിവാക്കുന്ന കാര്യം ആലോചിച്ചെടുക്കേണ്ട തീരുമാനമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അഭിപ്രായം വിപ്ലവകരമെന്നും മന്ത്രി പറഞ്ഞു.

ശിവഗിരി തീർഥാടന മഹാസമ്മേളന ഉദ്ഘാടന വേദിയിലാണ് മേൽ വസ്ത്രമഴിച്ച് ക്ഷേത്രങ്ങളിൽ കയറണമെന്ന നിബന്ധന ദുരാചാരമാണെന്ന് സച്ചിദാനന്ദ സ്വാമികൾ വ്യക്തമാക്കിയത്. അഭിപ്രായത്തെ അതേ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും പിന്തുണച്ചു. പിന്നാലെ ഉയർന്ന ചോദ്യമാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ സച്ചിദാനന്ദ സ്വാമികളുടെ അഭിപ്രായം നടപ്പാക്കുമോയെന്നത്. ആലോചിച്ചെടുക്കേണ്ട തീരുമാനമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീ നാരായണ ഗുരുവിനെ മാറ്റാൻ ചില കൂട്ടർ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും വാസവൻ പിന്തുണച്ചു. അതേസമയം, മേൽ വസ്ത്ര വിഷയവും, ശ്രീ നാരായണ ധർമ്മത്തെ അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി വിഷയത്തെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി.

SCROLL FOR NEXT