മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിലെ ദുരിതാശ്വാസ തുക വിതരണത്തിൽ പരാതിയുമായി മേപ്പാടി പഞ്ചായത്ത് ഭരണ സമിതി. അടിയന്തര ധനസഹായമായ 10,000 രൂപ പലർക്കും ലഭിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ഭരണസമിതി അംഗങ്ങളുടെ പരാതി. ദുരിതാശ്വാസ തുക നൽകേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും, പഞ്ചായത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
READ MORE: ഷിരൂർ ദൗത്യം: ഗംഗാവാലി പുഴയിൽ നിന്ന് അർജുൻ്റെ ലോറിയിൽ നിന്നുള്ള കയറും ക്രാഷ് ഗാർഡും കണ്ടെത്തി
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ചെലവ് വന്ന അഞ്ചര ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോഴാണ് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മറുപടി നല്‍കിയത്. ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കെ പഞ്ചായത്തിനോടുള്ള സംസ്ഥാന സർക്കാർ സമീപനം ശരിയല്ലെന്നാണ് ഉയരുന്ന വിമർശനം.
അടിയന്തര ചെലവുകള്‍ തല്‍ക്കാലം കൈയ്യില്‍ നിന്ന് എടുക്കൂ, പിന്നീട് തുക ലഭ്യമാക്കാമെന്നായിരുന്നു ഉദ്യോഗസ്ഥർ വഴി പഞ്ചായത്തിന് സർക്കാർ വാക്കാല്‍ ഉറപ്പുനൽയിരുന്നത്. ഇത് പ്രകാരം ചെലവുകള്‍ നടത്തിയ മേപ്പാടി പഞ്ചായത്ത് ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ആദ്യഘട്ടത്തില്‍ ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്‍റെ ആവശ്യത്തിനുമെല്ലാമായി മേപ്പാടി പഞ്ചായത്തിന് അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചിരുന്നു. ഇത് ചോദിച്ച് പഞ്ചായത്ത് ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നല്‍കിയെങ്കിലും തുക പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കണമെന്ന മറുപടിയാണ് ലഭിച്ചത്.