NEWSROOM

മെസിയും പിള്ളാരും ഒക്ടോബർ 25ന് കേരളത്തിലെത്തും! അർജൻ്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും

ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് നേരത്തെ അ‍ർജന്റീന അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഫുട്ബോൾ ഇതിഹാസം മെസി ഒക്ടോബറിൽ കേരളത്തിലെത്തും. മെസി ഉൾപ്പടെയുള്ള അർജന്‍റീന ടീം ഒക്ടോബർ 25നാണ് കേരളത്തിൽ എത്തുക. കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളും അർജൻറീന ടീം കളിക്കും. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ കായിക മന്ത്രി വി. അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്.

നവംബ‍ർ രണ്ട് വരെ മെസി കേരളത്തില്‍ തുടരും. ആരാധകരുമായുള്ള സംവാദവും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മത്സരം സ്ഥിരീകരിക്കാന്‍ അർജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് നേരത്തെ അർജന്‍റീന അറിയിച്ചിരുന്നു. എന്നാൽ അർജന്റീനയെപ്പോലൊരു ടീമിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും മത്സരത്തിനുമായി വലിയ ചെലവ് വരുമെന്നതിനാൽ ഫുട്ബോൾ അസോസിയേഷൻ ക്ഷണം നിരസിക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട കേരള കായിക മന്ത്രി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്ക് ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചു. ഈ ക്ഷണം അർജന്‍റീന ഫുട്ബോൾ ടീം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.

അതേസമയം,  അർജന്‍റീനയ്ക്ക് എതിരെ മത്സരത്തിനിറങ്ങുന്ന ടീം, കളി നടക്കുന്ന സമയം, സ്ഥലം എന്നിവയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശ ടീമിനെത്തന്നെ എതിരാളികളായി കൊണ്ടുവരാനാണ് തീരുമാനം എന്നാണ് സൂചന.

SCROLL FOR NEXT