NEWSROOM

'സ്കാം സെ ബച്ചോ'; ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്രവുമായി ചേർന്ന് മെറ്റയുടെ ക്യാംപെയിൻ

ഓൺലൈനിൽ ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ക്യാംപെയിൻ

Author : ന്യൂസ് ഡെസ്ക്

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്രവുമായി ചേർന്ന് ക്യാംപെയിൻ സംഘടിപ്പിക്കാൻ മെറ്റ. സ്കാം സെ ബച്ചോ എന്ന പേരിലാണ് ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം സെൻ്റർ, ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ച് മെറ്റ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്. ഓൺലൈനിൽ ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി.

രണ്ട് മാസം നീളുന്ന ക്യാംപെയിനാണ് സ്കാം സെ ബച്ചോ എന്ന പേരിൽ മെറ്റ സംഘടിപ്പിക്കുന്നത്. ഒൻപത് ഇന്ത്യൻ ഭാഷകളിൽ ഓൺലൈൻ സുരക്ഷ സംബന്ധിച്ച സംയോജിത ദേശീയ ഉപഭോക്തൃ ബോധവത്കരണം, ദൂരദർശനിൽ വിജ്ഞാനപ്രദമായ ടോക്ക് ഷോകൾ, രാജ്യവ്യാപകമായി നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരിശീലന സെഷനുകൾ തുടങ്ങിയവ ക്യാംപെയ്ൻ്റെ ഭാഗമായി സംഘടിപ്പിക്കും. 

മെറ്റയുടെ സ്കാം സെ ബച്ചോ ക്യാംപെയിന് പൂർണ പിന്തുണ നൽകിയ ഇൻഫോർമേഷൻ, ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി, സഞ്ജയ് ജാജു, ഇതൊരു കാലാനുസൃതമായ പ്രവർത്തനമാണെന്ന് വിലയിരുത്തി. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ അവബോധമുണ്ടാക്കിയെടുക്കുന്നതിൻ്റെ ആവശ്യകത മനസിലാക്കിയാണ് ഈ പ്രവർത്തനമെന്നും സഞ്ജയ് ജാജു പറഞ്ഞു.

ഇന്ത്യയിൽ ഏകദേശം 900 മില്യൺ ഇൻ്റർനെറ്റ് ഉപഭോക്താക്കളാണുള്ളത്. 2023ൽ രാജ്യത്ത് ഏകദേശം 1.1 മില്യൺ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

SCROLL FOR NEXT