NEWSROOM

നോയിഡയിലെ 'ബ്രേക്കിങ് ബാഡ്'; തിഹാര്‍ ജയില്‍ വാര്‍ഡന്‍ നടത്തുന്ന മെത്ത് ലാബ്, പിടികൂടിയത് 95 കിലോ ലഹരിമരുന്ന്

നിര്‍മിച്ച മെത്താംഫെറ്റമൈന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംഘത്തിൽ പ്രത്യേകം ആളുകളുമുണ്ട്

Author : ന്യൂസ് ഡെസ്ക്

തിഹാര്‍ ജയില്‍ വാര്‍ഡന്‍ നടത്തി വന്ന 'മെത്ത് ലാബ്' കണ്ടെത്തി പൊലീസ്. ഗ്രേറ്റര്‍ നോയിഡയിലാണ് സിന്തറ്റിക് ഡ്രഗ് നിര്‍മിക്കുന്ന ലാബ് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 95 കിലോ ലഹരി മരുന്നും കണ്ടെത്തി.

തിഹാര്‍ ജയിലിലെ വാര്‍ഡനെ കൂടാതെ, ഡല്‍ഹിയിലെ വ്യവസായിയും മുംബൈയിലുള്ള രസതന്ത്ര ശാസ്ത്രജ്ഞനും ചേര്‍ന്നാണ് ലാബ് നടത്തിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബര്‍ 25 നാണ് റെയ്ഡ് നടന്നത്.

ഇവിടെ നിന്നും ലഹരി മരുന്ന് നിര്‍മിച്ച് രാജ്യത്തിന് അകത്തേക്കും പുറത്തേക്കും വിതരണം ചെയ്തിരുന്നുതയാണ് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും എന്‍സിബിയും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘമായ 'കാര്‍ട്ടല്‍ ഡി ജാലിസ്‌കോ ന്യൂവ ജനറേഷ്യന്‍' ലെ അംഗങ്ങള്‍ക്കും നോയിഡയിലെ ലഹരി മരുന്ന് നിര്‍മാണത്തില്‍ പങ്കുണ്ടെന്നാണ് സൂചന.


ഖര രൂപത്തിലും ദ്രാവക രൂപത്തിലുമുള്ള 95 കിലോയോളം മെത്താംഫെറ്റാമൈനാണ് പരിശോധനയില്‍ പിടികൂടിയത്. കൂടാതെ ലഹരിമരുന്ന് നിര്‍മാണത്തിനായുള്ള ആധുനിക ഉപകരണങ്ങളും രാസവസ്തുക്കളും ലാബില്‍ നിന്നും ലഭിച്ചു.

ഡല്‍ഹി സ്വദേശിയായ വ്യവസായിയെ സംഭവ സ്ഥലത്തുവെച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസില്‍ ഇയാളെ നേരത്തേയും റവന്യൂ ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലിലെ വാര്‍ഡനുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാള്‍. മയക്കുമരുന്ന് ഉല്‍പ്പാദനത്തിന് ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങുന്നതിനായി ഇയാളെ സഹായിച്ചത് ജയില്‍ വാര്‍ഡനാണെന്നാണ് സൂചന.

മുംബൈയിലുള്ള രസതന്ത്ര ശാസ്ത്രജ്ഞനാണ് മയക്കുമരുന്ന് നിര്‍മിച്ചിരുന്നത്. നിര്‍മിച്ച മെത്താംഫെറ്റമൈന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മെക്‌സിക്കന്‍ സംഘത്തിൽ പ്രത്യേക ആളുകളുമുണ്ട്. ഇവര്‍ ഇതിനായി ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു.

ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെ നാല് പേരേയും ഒക്ടോബര്‍ 27 ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിയമവിരുദ്ധമായി സമ്പാദിച്ച പണവും സ്വത്തും കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.


ഗ്രേറ്റര്‍ നോയിഡയിലെ വ്യാവസായിക മേഖലകളില്‍ രഹസ്യമായി ഇത്തരത്തിലുള്ള ഡ്രഗ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നതായി എന്‍സിബി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ആദ്യം ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സമാനമായ ലാബുകള്‍ കണ്ടെത്തിയിരുന്നു.

ഈ മാസം ആദ്യം ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തില്‍ 7,600 കോടിയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നടത്തിയ റെയ്ഡില്‍ തായ്‌ലന്റില്‍ നിന്നും എത്തിച്ച 560 കിലോഗ്രാം കൊക്കെയ്‌നും 40 കിലോ മരിജുവാനയും അടക്കം 5,600 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് 7,600 കോടിയുടെ ലഹരി മരുന്ന് വേട്ട നടന്നത്.

പശ്ചിമ ഡല്‍ഹിയിലെ നഗറില്‍ നടന്ന മറ്റൊരു ലഹരിവേട്ടയില്‍ കണ്ടെത്തിയത് 204 കോടി രൂപ വിലവരുന്ന ഹൈ ക്വാളിറ്റി കൊക്കെയ്‌നാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 2,000 കോടി രൂപയോളം വരും ഇതിന്റെ മൂല്യം. മുംബൈയിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കും വിതരണം ചെയ്യാനായി സ്‌നാക്‌സ് പാക്കറ്റിലാക്കിയ നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.

SCROLL FOR NEXT