NEWSROOM

ആത്മീയ ശുദ്ധീകരണത്തിന് 'കുരങ്ങ് തവള' വിഷം കുടിച്ചു; മെക്സിക്കന്‍ നടിക്ക് ദാരുണാന്ത്യം

ആത്മവിമലീകരണ ധ്യാനത്തില്‍‌ പങ്കെടുത്ത മാർസെല വയറ്റിളക്കവും ഛർദ്ദിലും കാരണം ഡിസംബർ ഒന്നിനാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

വിശ്വാസം ഏതൊരു മനുഷ്യന്‍റെയും ജീവിതത്തില്‍ വലിയ പ്രധാന്യമുള്ള കാര്യമാണ്. എന്നാല്‍ യുക്തി ചിന്തയില്ലാതെയുള്ള അന്ധമായ വിശ്വാസം ദുരന്തത്തിലേക്കായിരിക്കും നയിക്കുക. മെക്സിക്കന്‍ ഷോർട്ട് ഫിലിം അഭിനേത്രി മാർസെല അല്‍ക്കസാറില്‍ നിന്നും അന്ധവിശ്വാസം കവർന്നത് ജീവന്‍ തന്നെയാണ്. ഒരു ആത്മശുദ്ധീകരണ ധ്യാനത്തില്‍‌ പങ്കെടുത്ത മാർസെല വയറ്റിളക്കവും ഛർദ്ദിലും കാരണം ഡിസംബർ ഒന്നിനാണ് മരിച്ചത്. ധ്യാനത്തിന്‍റെ ഭാഗമായി 'കാംബോ' എന്ന ആമസോണിയന്‍ ഭീമന്‍ കുരങ്ങ് തവളയുടെ വിഷം കഴിച്ചതാണ് മരണകാരണം.

ഹീലർ ട്രെയിനിങ് ഡിപ്ലോമയുടെ ഭാഗമായി മെക്സിക്കോയില്‍‌ നടന്ന ഒരു ആത്മീയ ധ്യാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവ നടി, തവള വിഷം അടങ്ങിയ കോംബോ എന്ന പാനീയം കുടിക്കുകയായിരുന്നു. തെക്കേ അമേരിക്കക്കാർ വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും പല രാജ്യങ്ങളിൽ നിരോധിച്ചതുമാണ് ഈ പാനീയം. പാനീയം കുടിച്ചതും മാർസെല ഛർദ്ദിക്കാന്‍ തുടങ്ങി. കഠിനമായ വയറുവേദനയും വയറ്റിളക്കവും തുടങ്ങിയതോടെ അവർ പൂർണമായി തളർന്നു. ധ്യാനത്തിലൂടെ ശരീരം വിമലീകരിക്കപ്പെടുകയാണെന്ന ധാരണയില്‍ നടി ആദ്യം സഹായങ്ങള്‍ നിരസിച്ചു. എന്നാല്‍ സഹിക്കവയ്യാതായതോടെ സുഹൃത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. മാർസെലയെ റെഡ് ക്രോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എത്ര വൈകിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്നതിൽ വ്യക്തതയില്ല.

Also Read: നിലവിളി കേട്ട് പ്രേതമെന്ന് നാട്ടുകാർ, അതിർത്തിപ്രദേശത്തെ കിണറിനുള്ളിൽ 3 ദിവസം കുടുങ്ങി,ഒടുവിൽ പുറത്തെത്തി

മെക്സിക്കന്‍ പ്രൊഡക്ഷന്‍ കമ്പനിയായ മപാഷെ ഫിലിംസ് ഇന്‍സ്റ്റഗ്രാമില്‍ മരണവിവരം പങ്കുവെച്ചതോടെയാണ് സമൂഹ മാധ്യമം വിഷയം ഏറ്റെടുത്തത്. ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനായി പുതിയതും പ്രാകൃതവുമായ വഴികള്‍ തേടുന്നവർ സൂക്ഷ്മത പാലിക്കണമെന്നുമാണ് ഈ ദൗർഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടുന്നത്. 

SCROLL FOR NEXT