NEWSROOM

മുടക്കിയത് കോടികള്‍; എംജി സര്‍വകലാശാലയുടെ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സ് പദ്ധതി പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

2018ലാണ് ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് എന്ന സ്ഥാപനം എംജി സർവകാലശാല ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കോടികൾ മുടക്കി എംജി സർവകലാശാല ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളും ഓൺലൈൻ പരീക്ഷാകേന്ദ്രവും പരാജയമെന്ന് ഓഡിറ്റ് റിപ്പോർട്ട്. അഞ്ച് വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് പ്രവർത്തന ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ലന്നും ഓഡിറ്റ് റിപോർട്ടിൽ പറയുന്നു. 6.1 കോടി രൂപയാണ് പദ്ധതിക്കായി സർവകലാശാല ചെലവഴിച്ചത്.

2018ലാണ് ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് എന്ന സ്ഥാപനം എംജി സർവകാലശാല ആരംഭിച്ചത്. എന്നാൽ പദ്ധതി പരാജയം ആയിരുന്നുവെന്നാണ് 2021–22ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം 2019-2020, 2020-2021 കാലയളവില്‍ കോഴ്സു‌കൾ പൂർണമായി നടത്താൻ കഴിഞ്ഞില്ല. 2020-2021ല്‍ 19 കോഴ്സുകളിൽ 13 എണ്ണം മാത്രമാണ് നടത്തിയത്.

2021-22ൽ കോഴ്‌സുകളുടെ എണ്ണം ഏഴായി ചുരുങ്ങിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2018–2020ൽ വാർഷിക പദ്ധതിയിൽ 2.3 കോടിയും 2020-21, 2021-22 വർഷങ്ങളിൽ യഥാക്രമം 1.5 കോടി, 2.3 കോടി രൂപയും പദ്ധതിക്കായി ചെലവഴിച്ചു. പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് സർവകലാശാല തുടർപ്രവർത്തനങ്ങൾ നടത്തിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

SCROLL FOR NEXT