NEWSROOM

'മൈക്രോസോഫ്റ്റ് നിലച്ചു, നീലിച്ചു; ആഘോഷമാക്കി ഇന്‍റർനെറ്റ് സമൂഹം; ട്രോളുമായി ആനന്ദ് മഹീന്ദ്രയും

മൈക്രോസോഫ്റ്റിന് സുരക്ഷ സൗകര്യങ്ങള്‍ നല്‍കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് ആൻ്റിവൈറസിലെ അപ്‌ഡേഷന്‍ പ്രതിസന്ധി കാരണമാണ് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ റീസ്റ്റാര്‍ട്ടാകുകയും സ്‌ക്രീനുകള്‍ നീലനിറത്തിലാവുകയും ചെയ്തത്

Author : ന്യൂസ് ഡെസ്ക്

മൈക്രോസോഫ്റ്റിൻ്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് കാരണം ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ നിലച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങള്‍ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സേവനങ്ങള്‍ തടസപ്പെട്ടതില്‍ നിരാശരായവര്‍ തൊട്ട് വിഷയം തമാശ ആക്കിയവർ വരെ ഇന്‍ര്‍നെറ്റില്‍ ആഘോഷിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് സോഷ്യൽ മീഡിയയിൽ സജീവമായ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എത്തിയത് സാഹചര്യത്തിനു അനുയോജ്യമായ ഒരു പടം എക്സില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ്.

പോത്തുകളുടെ മുകളിലിരുന്നു തെരുവില്‍ പെട്രോളിങ് നടത്തുന്ന രണ്ട് നിയമപാലകരുടെ പടമാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ പോസ്റ്റ് ചെയ്തത്. ആഗോള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഈ വേഗതയിലാണെന്നായിരുന്നു പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.

പോസ്റ്റിനു താഴെ നിരവധി കമൻ്റുകളും വന്നിട്ടുണ്ട്. മനുഷ്യന്‍ ഡിജിറ്റല്‍ സൗകര്യങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന തിരിച്ചറിവാണ് ചിലര്‍ പങ്കു വെച്ചത്. മറ്റു ചിലര്‍ ആനന്ദ് എന്ന വ്യവസായിയുടെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് കമൻ്റ് ചെയ്തത്.

മൈക്രോസോഫ്റ്റ് പണിമുടക്കിയതിനു ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ക്രൗഡ്‌സ്‌ട്രൈക്കിൻ്റെ സിഇഒ ജോര്‍ജ് കര്‍ട്‌സ് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും പറഞ്ഞു. സേവനങ്ങള്‍ തടസ്സപ്പെട്ടത് സുരക്ഷാ വീഴ്ചയോ സൈബര്‍ ആക്രമണമോ അല്ലായെന്നും ജോര്‍ജ് കര്‍ട്‌സ് വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന് സുരക്ഷ സൗകര്യങ്ങള്‍ നല്‍കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് ആൻ്റിവൈറസിലെ അപ്‌ഡേഷന്‍ പ്രതിസന്ധി കാരണമാണ് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ റീസ്റ്റാര്‍ട്ടാകുകയും സ്‌ക്രീനുകള്‍ നീലനിറത്തിലാകുകയും ചെയ്തത്. 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' (BSOD) എന്ന ബഗായിരുന്നു പ്രതിസന്ധിക്ക് കാരണം. ഉപഭോക്തൃ സേവനം മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ ഈ സമയത്ത് നിശ്ചലമായിരുന്നു.

SCROLL FOR NEXT