NEWSROOM

ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ഥികളാല്‍ മിഹിര്‍ ക്രൂരമായി റാഗ് ചെയ്യപ്പെട്ടു; സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ലെന്ന് കുടുംബം

സ്‌കൂളില്‍ വെച്ചും സ്‌കൂള്‍ ബസ്സില്‍ വെച്ചും മിഹിര്‍ റാഗിങ്ങിനിരയായി. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥികള്‍ ആഘോഷിച്ചുവെന്നും കുടുംബം

Author : ന്യൂസ് ഡെസ്ക്

തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയെന്ന പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുട്ടിയുടെ കുടുംബം. സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ലെന്നും കുടുംബത്തിനു വേണ്ട ഒരു സഹായവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.

സ്‌കൂളിലെ ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ഥികളാല്‍ മിഹിര്‍ അതിക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. സ്‌കൂളില്‍ വെച്ചും സ്‌കൂള്‍ ബസ്സില്‍ വെച്ചും മിഹിര്‍ റാഗിങ്ങിനിരയായി. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥികള്‍ ആഘോഷിച്ചുവെന്നും കുടുംബം പറയുന്നു.

എന്നാല്‍, റാഗിങ് പരാതി കുടുംബം ഉന്നയിച്ചിട്ടില്ലെന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. സമൂഹമാധ്യമങ്ങളില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ സ്‌കൂളിന് ഒന്നും മറച്ചുവെക്കാനില്ല. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം കൊണ്ടുപോയിട്ടുണ്ട്. റാഗിങ് നേരിട്ടതായി മിഹിര്‍ അധ്യാപകരോട് പറഞ്ഞിട്ടില്ലെന്നും സംഭവ ദിവസം മിഹിര്‍ ബാസ്‌കറ്റ് ബോള്‍ ക്യാമ്പിലടക്കം പങ്കെടുത്തിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു.

അതേസമയം, പരാതിയില്‍ ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുത്തു. റാഗിങ്ങ് നടന്നു എന്ന കുടുംബത്തിന്റെ പരാതിയിലാണ് മൊഴി എടുത്തത്. മിഹിറിന്റെ സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തി. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

SCROLL FOR NEXT