NEWSROOM

പ്രീ മാച്ച് ഷോക്കിടെ എതിരാളിയുടെ മുഖത്തടിച്ചു; റിങ്ങിലേക്ക് മടങ്ങും മുമ്പേ ഇടി തുടങ്ങി മൈക് ടൈസൺ

20 വർഷത്തെ ഇടവേളക്ക് ശേഷം റിങ്ങിലേക്ക് മടങ്ങുന്ന മത്സരത്തിന് മുമ്പാണ് ടൈസണിൻ്റെ വിവാദ ഇടി

Author : ന്യൂസ് ഡെസ്ക്

ബോക്സിങ് ഇതിഹാസം മൈക് ടൈസൺ ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്നതിനു മുൻപേ വിവാദം ഉയർന്നിരിക്കുകയാണ്. 20 വർഷത്തെ ഇടവേളക്ക് ശേഷം റിങ്ങിലേക്ക് മടങ്ങുന്ന മത്സരത്തിനു മുമ്പ് എതിരാളിയുടെ കരണത്തടിച്ചിരിക്കുകയാണ് മൈക് ടൈസൺ. പ്രീ മാച്ച് പ്രസൻ്റേഷനിൽ വെച്ചാണ് ടൈസൺ എതിരാളിയായ ജേക്ക് പോളിന്‍റെ മുഖത്തടിച്ചത്.

രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷമാണ് മൈക് ടൈസൺ ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്നത്. 58 ആം വയസിൽ റിങ്ങിലേക്ക് മടങ്ങുന്ന ബോക്സിങ്ങ് ഇതിഹാസം മത്സരത്തിനു മുമ്പേ ഇടി തുടങ്ങി. ബോക്സറും യൂട്യൂബറും നടനുമൊക്കെയായ 27 കാരനായ ജേക്ക് പോളാണ് ടൈസന്‍റെ തിരിച്ചുവരവിൽ എതിരാളി. അമേരിക്കയിലെ ടെക്സസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് ഷോയിൽ ഇരുവരും പരസ്പരം കാണുന്നതിനിടെയാണ് മൈക് ടൈസൺ ജേക്ക് പോളിന്‍റെ കരണത്തടിച്ചത്.

എന്നാൽ വെയ്റ്റ് ലിഫ്റ്റിങ്ങിനിടെ ജേക്ക് പോൾ ടൈസൻ്റെ വലതുകാലിൽ ചവിട്ടിയതാണ് 58 കാരനായ ബോക്‌സറെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ടൈസൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ടോം പാറ്റിയാണ് ഇക്കാര്യം അമേരിക്കൻ മാധ്യമമായ യുഎസ്എ ടുഡേ സ്പോർട്സിനോട് പറഞ്ഞത്. "ജേക്ക് പോൾ മൈക്കിൻ്റെ കാലിൽ ചവിട്ടി, അതിന് പ്രതികരണമായായിരുന്നു ടൈസൺ മുഖത്തടിച്ചത്," ടോം പാറ്റി പറയുന്നു.

അതേസമയം ടൈസൻ്റെ മർദനത്തിൽ തനിക്കൊന്നും പറ്റിയിട്ടില്ലെന്നും യഥാർഥ അടി ശനിയാഴ്ച കാണാമെന്നുമാണ് ജേക്ക് പോൾ പറയുന്നത്. അമേരിക്കയിലെ ടെക്സസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിലാണ് ടൈസൺ-ജേക്ക് പോൾ മത്സരം. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്ക് നടക്കുന്ന മത്സരം നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യും. 2005ലാണ് ടൈസൺ അവസാന പ്രൊഫഷണൽ മത്സരത്തിൽ പങ്കെടുത്തത്. ടൈസൻ്റെ തിരിച്ചുവരവിലെ ഈ മത്സരത്തിന് 20 മില്യൺ യുഎസ് ഡോളർ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.



SCROLL FOR NEXT