NEWSROOM

പണം അധികമായിപ്പോയി എന്നാ കത്തിച്ചാലോ? തീ കായാൻ നോട്ടുകെട്ടുകൾ കത്തിച്ച ഇൻഫ്ലുവൻസറെ റോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ

റഷ്യയിലെ തൻ്റെ ആഡംബര വസതിക്കുള്ളിലായിരുന്നു ബാൽവനോവിച്ചിൻ്റെ സാഹസം.വിറകിന് പകരം ചൂട് കായാനായി ഫെഡോർ ഉപയോഗിച്ചത് നോട്ടുകെട്ടുകളായിരുന്നു.

Author : ന്യൂസ് ഡെസ്ക്




പണം അധികമായാൽ എന്തു ചെയ്യും , കൂടുതൽ സമ്പാദിക്കാം, പാവപ്പെട്ടവർക്ക് ദാനം ചെയ്യാം, ഗുണകരമായ പല പദ്ധതികളും തുടങ്ങാം, അങ്ങനെ പലകാര്യങ്ങളുമുണ്ട്. അല്ലെങ്കിൽ ധൂർത്തടിച്ച് കളയുന്ന വിരുതന്മാരുമുണ്ട്.എന്നാ കൂടുതലുള്ള കാശ് കത്തിച്ച് കളഞ്ഞാലോ

ആരും ഞെട്ടണ്ട. സംഗതി സത്യമാണ്. തീകായാൻ പണം കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. കെട്ടുകണക്കിന് ഡോളറുകള്‍ തീയിലേക്ക് വലിച്ചെറിഞ്ഞ ഒരു ഇന്‍ഫ്ലുവന്‍സര്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ നിരാശയിലാക്കുകയും ഒപ്പം ചൊടിപ്പിക്കുകയുംകൂടി ചെയ്തിരിക്കുകയാണ്.യുഎസിലെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമൂഹ മാധ്യമ ഇൻഫ്ലുവൻസറും ബിസിനസുകാരനുമായ ഫെഡോർ ബാൽവനോവിച്ചാണ്.പണം കത്തിച്ച് തീ കായുന്ന വിരുതൻ.


റഷ്യയിലെ തൻ്റെ ആഡംബര വസതിക്കുള്ളിലായിരുന്നു ബാൽവനോവിച്ചിൻ്റെ സാഹസം.വിറകിന് പകരം ചൂട് കായാനായി ഫെഡോർ ഉപയോഗിച്ചത് നോട്ടുകെട്ടുകളായിരുന്നു. ഇതിൻ്റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത കോട്ടും തൊപ്പിയും സണ്‍ ഗ്ലാസും ധരിച്ച് മുറിയുടെ ചുമരിനുള്ളിലെ അടുപ്പിൽ നോട്ടുകൊട്ടുകള്‍ കത്തിയെരിയുമ്പോള്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫെഡോറിനെ വീഡിയോയില്‍ കാണാം.

ആദ്യം കുറച്ച് ലൗ റിയാക്ഷനുകൾ വന്നെങ്കിലും പിന്നീട് കഥമാറി. നിരവധിപ്പേരാണ് ഈ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. അതും രൂക്ഷമായി. ട്രോളാനും ആളുകളെത്തി. ഇത് അല്പം കടന്ന കൈയായിപ്പോയെന്നും,പണം കൂടുതലുണ്ടെങ്കില്‍ കത്തിച്ച് കളയാതെ ആവശ്യമുള്ളവര്‍ക്ക് കൊടുത്തുകൂടെയെന്നും ചിലർ ചോദിച്ചപ്പോൾ. തനിക്ക് വീടുവയക്കാൻ 5 ലക്ഷം തരുമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ബ്ലാക്ക് മണി കത്തിക്കുന്നതിന് മുമ്പ് കടമെല്ലാം തീര്‍ക്കൂയെന്നായിരുന്നു ചിലരുടെ ഉപദേശം.


എന്നാ അത് യഥാർഥ പണമല്ലെന്നും വീഡിയോയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നും ചിലർ വിശദീകരണവുമായെത്തി. നോട്ടുകെട്ടുകള്‍ വഴിയരികില്‍ വലിച്ചെറിയുന്നതും തുറന്ന കാറില്‍ കൊണ്ട് പോകുന്നതും കണ്ടെയ്നർ ലോറികളില്‍ നിന്ന് ഇറക്കുന്നതുമായി നിരവധി വീഡിയോകള്‍ ഫെഡോറിന്‍റെ അക്കൗണ്ടിലൂടെ നേരത്തേയും പുറത്തുവന്നിരുന്നു.1.3 കോടിയിലേറെ ഫ്ലോളോവേഴ്സുള്ള ഫെഡോർ, തന്‍റെ സമ്പത്ത് പ്രദർശിപ്പിക്കുന്ന വീഡിയോകള്‍ ചെയ്യുന്ന ഒരാളാണ്.

SCROLL FOR NEXT