മിൽമയിൽ സമരം നടത്തുന്നവരിൽ നിന്ന് തന്നെ നഷ്ടം ഈടാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സമരക്കാരുമായി താൻ സംസാരിച്ചിട്ടില്ലെന്നും എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
മിൽമാ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമ അവശ്യ സർവീസാണ്, അവശ്യ സർവ്വീസ് പണിമുടക്കുന്നത് ശരിയല്ലെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസപ്പെട്ടിരുന്നു. സർവീസിൽ നിന്ന് വിരമിച്ച മാനേജിങ് ഡയറക്ടർ ഡോ. പി. മുരളിക്ക് സർക്കാർ കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. വിരമിച്ചതിനു ശേഷവും സർവ ആനുകൂല്യങ്ങളോടെയും ജോലിയിൽ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ നിലപാട്. ആ തീരുമാനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സിഐടിയു- ഐഎൻടിയുസി അടക്കമുള്ള യൂണിയനുകളുടെ തീരുമാനം.