NEWSROOM

കണ്ണടയും കട്ടി മീശയും; വോട്ടെണ്ണൽ ദിനത്തിൽ ശ്രദ്ധ നേടി 'കുട്ടി കെജ്‌രിവാൾ'

അവ്യാന്‍ തോമര്‍ എന്ന ആറുവയസ്സുകാരനാണ് കെജ്‌രിവാളിന്റെ വേഷത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് നില്‍ക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മണിക്കൂറുകൾ പിന്നിടും തോറും ഡൽഹി തെരഞ്ഞെടുപ്പ് കൂടുതൽ ആവേശകരമാവുകയാണ്.അരവിന്ദ് കെജ്‌രിവാളിൻ്റെ ആംആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമോ അതോ ബിജെപി ഡൽഹിയിൽ താമര വിരിയിക്കുമോ എന്നതിനുള്ള ഉത്തരം അടുത്ത മണക്കൂറുകളിൽ പുറത്തുവരും. തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോഴും, കൂളായി ഇരിക്കുന്ന 'കുട്ടി കെജ്‌രിവാൾ' ആണ് ഇന്നത്തെ ശ്രദ്ധാ കേന്ദ്രം.


അവ്യാന്‍ തോമര്‍ എന്ന ആറുവയസ്സുകാരനാണ് കെജ്‌രിവാളിന്റെ വേഷത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് നില്‍ക്കുന്നത്. നീല ഷർട്ടും, പച്ച കോട്ടും, കണ്ണടയും, കട്ടി മീശയുമായെത്തിയ അവ്യാൻ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും ഇവിടെ വരാറുണ്ടെന്ന് അവ്യാന്റെ അച്ഛന്‍ രാഹുൽ തോമർ പറയുന്നു.

2020ലെ തെരഞ്ഞെടുപ്പിലും കുട്ടി കെജ്‌രിവാളായി അവ്യാൻ എത്തിയിരുന്നു. അന്ന് കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ ചുവന്ന സ്വെറ്റര്‍ ധരിച്ച് കുട്ടി മീശയും കുട്ടി കണ്ണടയുമായാണ് അവ്യാൻ എത്തിയത്. ആംആദ്മിയുടെ കൊടിയും പിടിച്ചിരുന്ന അവ്യാൻ, വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ 'ബേബി മഫ്‌ളര്‍ മാന്‍' എന്ന ഓമന പേരും ആംആദ്മി പാര്‍ട്ടി കുട്ടിക്ക് നൽകി.

രാജ്യം ഉറ്റുനോക്കിയ ഡൽഹി തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ലീഡ് ഉയർത്തുകയാണ്. എഎപിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, അതിഷി മർലേന, മനീഷ് സിസോദിയ തുടങ്ങിയവർ പിന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആദ്യ മണിക്കൂറുകളിൽ വോട്ടുകൾ എണ്ണുമ്പോൾ മുതൽ ബിജെപിയുടെ തേരോട്ടമാണ് കാണാനാകുന്നത്.

SCROLL FOR NEXT